കോഴിക്കോട് ജില്ലയിൽ മലേറിയ പടരുന്നതായി റിപ്പോർട്ട്. വളയത്ത് വാർഡ് 14-ൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിക്കാണ് മലേറിയ ബാധിച്ചത്. നാട്ടിൽ നിന്ന് തിരിച്ചെത്തിയ ഇയാൾക്ക് ശക്തമായ പനിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാൾ നാട്ടിലേക്ക് മടങ്ങിപ്പോയി.
ഇതിന് പുറമെ ചൊവ്വാഴ്ച കോഴിക്കോട് രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഒളവണ്ണ ഇരിങ്ങല്ലൂരിലെ 63 വയസ്സുകാരനും തിക്കോടിയിലെ മധ്യപ്രദേശ് സ്വദേശിയായ മറ്റൊരു അതിഥി തൊഴിലാളിക്കുമാണ് രോഗം ബാധിച്ചത്. ഒളവണ്ണയിൽ രോഗം ബാധിച്ച വ്യക്തി താമസിക്കുന്ന സ്ഥലത്ത് നിരവധി അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നതിനാൽ, അവരിലേതെങ്കിലും രോഗിയിൽ നിന്നാകാം ഇയാൾക്ക് രോഗം പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഏതാനും ആഴ്ചകൾക്ക് മുൻപ് ജോലി അന്വേഷിച്ചെത്തിയതാണ് തിക്കോടിയിലെ തൊഴിലാളി.
കൊതുകുകൾ വഴി പകരുന്ന ഒരു രോഗമാണ് മലേറിയ. രോഗബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുക് വഴി പരാദങ്ങൾ മറ്റൊരാളിലേക്ക് പകരുന്നു. ശരീരത്തിൽ പ്രവേശിക്കുന്ന പരാദങ്ങൾ കരളിലെത്തി മാസങ്ങളോളം പ്രവർത്തനരഹിതമായി കിടക്കാൻ സാധ്യതയുണ്ട്. പിന്നീട് ഇവ രക്തകോശങ്ങളെ ബാധിക്കുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. കടുത്ത പനി, വിറയൽ, ക്ഷീണം, തലവേദന, ഛർദ്ദി, പേശീവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
രക്തത്തിലൂടെ അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്കും, രോഗബാധിതർ ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം. അതിനാൽ കൊതുക് കടിയേൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

0 Comments