തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാപക സംഘമെന്ന വെള്ളാപ്പള്ളി നടേശന്‍റെ പരാമർശം തള്ളി സിപിഎം . അങ്ങനെ ഒരു അഭിപ്രായം സിപിഎമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഓരോ ആളുകളും പറയുന്ന ആരോപണങ്ങൾ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിന് യുഡിഎഫ് പിന്തുണയോടെ ഗവർണർ കരുക്കൾ നീക്കുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു. കേരളത്തിൽ വന്ദേമാതരം പാടിയപ്പോൾ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല . എംജി വിസിയായി സംഘപരിവാർ നേതാവിനെ ഗവർണർ വച്ചു . ചട്ടപ്രകാരം സർക്കാർ ലിസ്റ്റ് നൽകാത്തതിനാലാണ് നിയമനം നടന്നതെന്നും ചൂണ്ടിക്കാട്ടി.
ഇന്ധനവില വലിയ രീതിയിൽ വർധനവ് ഉണ്ടാകുന്നു. ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ നികുതി വർധിപ്പിച്ചാണ് വില കുറക്കാതിരുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ വീണ്ടും കണക്കില്ലാതെ വർധിപ്പിക്കുന്നു. ഹോട്ടലുകളിൽ വൻ വിലവർധന ഉണ്ടാകുന്നു . സ്കൂൾ കുട്ടികൾക്ക് പോലും ഭക്ഷണം നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് വരും . അവശ്യ സാധനങ്ങളുടെ വില കണക്കില്ലാതെ വർധിക്കുന്നു . ഓട്ടോ, ടാക്സി മറ്റ് വാഹന ഉപയോഗം എല്ലാം താറുമാറാകും എന്ന അവസ്ഥയിൽ എത്തി.അമേരിക്കക്ക് കീഴടങ്ങുന്ന ഇന്ത്യൻ നയം ആണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം.കേന്ദ്ര സർക്കാരിനെതിരെ നയ പ്രഖ്യാപന പ്രസംഗത്തിൽ ഒരക്ഷരം പോലും സംസ്ഥാന സർക്കാര്‍ മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ഭരിക്കുമ്പോൾ നികുതി വരുമാനം കുറക്കണം എന്നായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി പറഞ്ഞത്. ഈ കാര്യം പറഞ് സൈക്കിൾ ചവിട്ടി യാത്രയും ചെയ്തു . എന്നാൽ ഇപ്പോൾ സതീശൻ മൗനിയായി എന്നും ഗോവിന്ദൻ വ്യക്തമാക്കി.

0 Comments