ന്യൂഡൽഹി: വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനും അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച 'സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ' (എസ്‌ഐആർ) നടപടികൾക്ക് ഒരു വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്തൊട്ടാകെ ഏകദേശം ആറുകോടി വോട്ടർമാരെയാണ് പട്ടികയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്. നിലവിൽ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയ തുടരുകയാണ്.
കഴിഞ്ഞ വർഷം ജൂൺ 24ന് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് എസ്‌ഐആർ നടപടികൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. ബിഹാറിൽ മാത്രം ഏകദേശം 65 ലക്ഷം പേരെയാണ് ഈ പ്രക്രിയയിലൂടെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ മതിയായ രേഖകളില്ലാത്ത പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാൻ ബിജെപിയുടെ താല്പര്യപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇത് പ്രതിപക്ഷവും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള വലിയ വാഗ്‌വാദങ്ങൾക്കും വഴിവെച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ 27ന് പ്രഖ്യാപിച്ച എസ്‌ഐആർ രണ്ടാം ഘട്ടത്തിൽ കേരളം, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. ഈ സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ എണ്ണത്തിൽ മൊത്തം 10.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നടപടികൾ ആരംഭിക്കുന്നതിന് മുൻപ് 50.99 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം പരിശോധനകൾക്ക് ശേഷം 45.81 കോടിയായി ചുരുങ്ങി. അതായത് 5.18 കോടി ആളുകൾ പട്ടികയിൽ നിന്ന് ഒറ്റയടിക്ക് പുറത്തായി. മരിച്ചവരായ 66,88,636 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ ഉൾപ്പെടുന്നു. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഉത്തർപ്രദേശിൽ (25.47 ലക്ഷം) നിന്നാണ്, തൊട്ടുപിന്നിൽ പശ്ചിമ ബംഗാളുമുണ്ട് (24.16 ലക്ഷം). ഇതിനുപുറമെ ലഭിച്ച പരാതികളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിൽ 63.16 ലക്ഷം പേരുകൾ കൂടി എസ്‌ഐആർ നടപടികളിലൂടെ നീക്കം ചെയ്യപ്പെട്ടു.
ഈ മാർച്ചിൽ, എസ്‌ഐആർ നടപടികൾ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് സുപ്രിം കോടതിയുടെ പൂർണ അംഗീകാരം ലഭിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം ഇത് ഭരണഘടനാപരമായി ശരിയാണെന്നാണ് കോടതി വിധിച്ചത്. അർഹരായ ഒരു പൗരനും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്നും അനർഹരായ ആരും ഉൾപ്പെടുന്നില്ലെന്നും ഉറപ്പാക്കാനുള്ള പ്രക്രിയയായാണ് ഇതിനെ വിലയിരുത്തുന്നത്. എൻസിഇആർടിയുടെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ എസ്‌ഐആറിനെ കുറിച്ചുള്ള ഭാഗ, ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, എസ്‌ഐആർ പ്രകാരം വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട വ്യക്തികൾക്ക് പശ്ചിമ ബംഗാളിലും ബിഹാറിലും സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികൾ നിഷേധിക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. വോട്ടർ പട്ടികയിലെ വിവരങ്ങൾ സാമൂഹിക സുരക്ഷാ പദ്ധതികളുമായി ബന്ധിപ്പിക്കുകയാണെന്ന് ഈ സംസ്ഥാന സർക്കാരുകൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഡൽഹി അടക്കം 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ഐആറിന്റെ മൂന്നാം ഘട്ട നടപടികൾ പുരോഗമിക്കുകയാണ്.
.jpg)
0 Comments