കൊട്ടാരക്കര ടിപ്പർ അപകടം; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

 



കൊല്ലം: കൊട്ടാരക്കര ടിപ്പർ അപകടത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കരുനാഗപ്പള്ളി സബ് ആർടിഒയിലെ ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. എംവിഐ സുധിൻ ഗോപി, എഎംവിഐ ശരത് എസ്. കുമാർ എന്നിവർക്കെതിരെയാണ് നടപടി. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിൽ ആണ് സസ്പെൻഷൻ.

ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ബസ് കാത്തുനിൽക്കുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് മേൽ ലോറി പാഞ്ഞുകയറുകയായിരുന്നു. മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ, ഓയൂർ കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാർ എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ഡ്രൈവർ കോട്ടുക്കൽ സ്വദേശി നിസാമിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

അപകടത്തിൽപെട്ട വാഹനത്തിന് 17 വർഷത്തെ പഴക്കമുണ്ട് . ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല . ഡ്രൈവർ നിസാമിന്‍റെ ഫിറ്റ്നസ് സസ്പെൻഡ് ചെയ്തു . സമയം ലാഭിക്കാൻ വേണ്ടിയാണ് നിസാം ടിപ്പർ അമിത വേഗതയിൽ ഓടിച്ചതെന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ ദിലു പറഞ്ഞു.


ടിപ്പർ ലോറികളുടെ സമയക്രമം പുനഃക്രമീകരിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൊട്ടാരക്കര അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. മണ്ണെടുക്കാനുള്ള പാസിൽ അപകടമുണ്ടായ വാഹനത്തിന്‍റെ നമ്പർ രേഖപ്പെടുത്തിയിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി. കൃത്യമായി പരിശോധന നടത്താൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments