യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ മർദിച്ച സംഭവം; ഇ.പി ജയരാജനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും


തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധത്തിനിടെ ഇ.പി ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചുവെന്ന കേസ് എഴുതിത്തള്ളാനാവില്ലെന്ന കോടതി ഉത്തരവിന് പിന്നാലെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ച് സർക്കാർ. എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. ജയരാജനെ കുറ്റവിമുക്തനാക്കിയ പൊലീസിന്‍റെ റിപ്പോർട്ട് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെയാണ് തള്ളിയത്. യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ കൂടുതൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഉത്തരവിട്ടിരുന്നു.

വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ ഇ.പി ജയരാജനെതിരെ പൊലീസ് നടപടിയുണ്ടാകില്ലെന്ന്‌ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെ പറഞ്ഞിരുന്നു. കയ്യേറ്റം ചെയ്തെന്ന് പ്രതികൾ ആരോപിക്കുന്ന മുഖ്യമന്ത്രിയുടെ സ്റ്റാഫിനെതിരേ യാത്രാവിലക്കില്ലാത്തതായിരുന്നു പൊലീസിൻ്റെ പിടിവള്ളി. ഇ.പിയുടെ നടപടി അക്രമത്തെ പ്രതിരോധിച്ചതാണെന്ന നിലപാടിൽ അന്വേഷണ സംഘം ഉറച്ചു നിൽക്കുന്നതായും പിണറായി വിജയൻ കൂട്ടിച്ചേർത്തിരുന്നു. മൂന്നാഴ്ചത്തേക്കാണ് ജയരാജനെതിരെ ഇൻഡിഗോ കമ്പനി യാത്രാ വിലക്കേർപെടുത്തിയിരുന്നത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപെടുത്തിയിരുന്നു. ഇൻഡിഗോ നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടർന്നായിരുന്നു നടപടി.

Post a Comment

0 Comments