രണ്ടില്‍ കൂടുതല്‍ കുട്ടികളായാല്‍ സര്‍ക്കാര്‍ ജോലിക്ക് അയോഗ്യതയെന്ന ചട്ടം ഒഴിവാക്കി മധ്യപ്രദേശ്




ഭോപ്പാല്‍: രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അയോഗ്യതയെന്ന ചട്ടം ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഈ ചട്ടം നിര്‍ദിഷ്ട സിവില്‍ സര്‍വീസ് റൂളില്‍ നിന്ന് ഒഴിവാക്കാന്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് ഉത്തരവിട്ടു. ഈ ചട്ടം ഉള്‍ക്കൊള്ളുന്ന കരട് നിയമം സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കാനും നിര്‍ദേശിച്ചു.

2001ലാണ് മധ്യപ്രദേശില്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലെ നേരിട്ടുള്ള നിയമനങ്ങളിലും വകുപ്പുതല നിയമനങ്ങളിലും വിലക്കേര്‍പ്പെടുത്തിയത്. ജീവിച്ചിരിക്കുന്ന രണ്ട് കുട്ടികള്‍ 2001 ജനുവരി ആറിന് ശേഷം ഉള്ളവര്‍ക്കായിരുന്നു അയോഗ്യത. മാത്രമല്ല, സര്‍വീസിലിരിക്കെ രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നത് പെരുമാറ്റച്ചട്ട ലംഘനമായും കണക്കാക്കിയിരുന്നു.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളതിന്റെ പേരില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും ഉടനടി നീക്കം ചെയ്യാനും പുതുക്കിയ കരട് തയ്യാറാക്കി പ്രസിദ്ധീകരിക്കാനുമാണ് ഇപ്പോള്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് പൊതുഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Post a Comment

0 Comments