കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണ സംഘം. ഗൂഢാലോചനയില്‍ ഇതുവരെ തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ അസ്വാഭാവികതയില്ല. കൂടുതല്‍ ഫോണുകള്‍ പരിശോധിക്കണമെന്നും 20ലേറെ പേര്‍ പിടിയിലാകാനുണ്ടെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.
നിലവില്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളാണ് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം 26 പേരാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇനിയും 20 പേര്‍ കൂടി ആറസ്റ്റിലാകാനുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് വിവരം. ഇതില്‍ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തകര്‍ത്ത കേസിലെ പ്രതികളും ഉള്‍പ്പെടുന്നു.
വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ പുറത്തിറക്കിയിരുന്നു. ഇതിനിടെ കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിക്കുകയും ഇതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ഒമ്പതാം പ്രതിയായ ഹരീഷിനാണ് ജാമ്യം ലഭിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ജാമ്യം തടയാനുള്ള നീക്കങ്ങള്‍ ഉണ്ടായില്ലെന്ന് ഇഡി പറയുന്നു. കേസന്വേഷണത്തിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇഡി സമര്‍പ്പിച്ച ഹരജി വരുന്ന തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം. രണ്ട് പ്രതികളുടെ ജാമ്യഹരജിയില്‍ ഇഡി കക്ഷി ചേരാനും സാധ്യതയുണ്ട്.
.jpg)
0 Comments