ടാങ്കറുകള്‍ ഹോര്‍മുസ് കടന്നു; എണ്ണവില വീണ്ടും ഇടിഞ്ഞു

 



ന്യൂഡല്‍ഹി: ഹോര്‍മുസ് കടന്ന കൂടുതല്‍ എണ്ണ ടാങ്കറുകള്‍ യാത്ര ചെയ്തതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. 1.1 ശതമാനം ഇടിവാണ് ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന് ഉണ്ടായത്. 77 ഡോളറിലാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മിഡിയേറ്റ് ക്രൂഡോയിലിന്റെ വില 73 ബാരലായും കുറഞ്ഞു.

അതേസമയം, ഇറാനില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇറാന്‍ എണ്ണക്കുള്ള ഉപരോധം 60 ദിവസത്തേക്ക് പിന്‍വലിച്ച ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടുതല്‍ എണ്ണവാങ്ങാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചത്.

ഉപരോധങ്ങള്‍ മൂലം ഇറാന്‍ എണ്ണയുടെ ഭൂരിപക്ഷവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത്. ഇറാന്‍േറതായി കടലില്‍ 68 മില്യണ്‍ ബാരല്‍ എണ്ണയുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 80 ശതമാനവും ഏത് രാജ്യത്തേക്കാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞവിലക്ക് ലഭിക്കുന്ന ഇറാന്‍ എണ്ണ ഇന്ത്യന്‍ കമ്പനികളും വാങ്ങുമെന്നാണ് സൂചന. അമേരിക്ക ഔദ്യോഗികമായി തന്നെ 60 ദിവസത്തെ ഇളവ് ഇറാന്‍ എണ്ണയില്‍ അനുവദിച്ച സാഹചര്യത്തില്‍ ഉപരോധത്തിന്റെ പ്രശ്‌നങ്ങളൊന്നുമില്ലാതെ എണ്ണ വാങ്ങാന്‍ സാധിക്കും. ഇതാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്കും ഗുണകരമാവുക.

Post a Comment

0 Comments