ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ പുറത്തുവിട്ടതോടെ 2025ൽ പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് ലോക്സഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞതായി പ്രതിപക്ഷം ആരോപിച്ചു. ഒരു നഷ്ടവും സംഭവിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. രാജ്‍നാഥ് സിങ് സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും സഭയോടും രാജ്യത്തോടുമുള്ള അവഹേളനമാണിതെന്നും കേന്ദ്രത്തിന്റെ വ്യാജ പ്രതിച്ഛായ സംരക്ഷിക്കാൻ ജവാന്മാരുടെ ത്യാഗങ്ങളെ സർക്കാർ നിഷേധിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ചത്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് 10 ഇന്‍ഫന്‍ട്രി ബ്രിഗേഡിലെ സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, വീരചക്ര ബഹുമതി നേടിയ 4 ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ റൈഫിള്‍മാന്‍ സുനില്‍ കുമാര്‍, 5 ഫീല്‍ഡ് റെജിമെന്റിലെ ഏവിയേഷന്‍ ടെക്‌നീഷ്യന്‍ മൂദ് മുരളിനായിക്, 237 ഫീല്‍ഡ് വര്‍ക്ക്‌ഷോപ്പ് കമ്പനിയിലെ ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിങ്, വായുസേനാ മെഡല്‍ ജേതാവായ 39 വിങിലെ സര്‍ജന്റ് സുരേന്ദ്ര കുമാര്‍ എന്നിവരാണ് രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര യോദ്ധാക്കൾ.
2025 ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്. മേയ് ഏഴിന് പുലര്‍ച്ചെ 1.44ന് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം നടത്തിയത്. മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്ലി, മുരിഡ്ക് എന്നിങ്ങനെ പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്

0 Comments