തിരുവനന്തപുരം: ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഉയര്‍ന്ന വിലയ്ക്ക് കെഎസ്ഇബിക്ക് വൈദ്യുതി വാങ്ങാം. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി.
ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 600 മുതല്‍ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ കമ്മീഷനെ അറിയിച്ചിരുന്നു. യൂണിറ്റിന് 10 രൂപ വരെ ഉയര്‍ന്ന നിരക്ക് നല്‍കി വൈദ്യുതി വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കെഎസ്ഇബിക്കെതിരെ കമ്മീഷന്റെ വിമര്‍ശനവുമുണ്ട്. സോളാര്‍ വൈദ്യുതി ശേഖരിക്കാനുള്ള ബിഇഎസ്എസ് പദ്ധതി വൈകുന്നുവെന്നും പദ്ധതി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.
ആവര്‍ത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അത്യാവശ്യ വിവരങ്ങള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നു. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലും റഗുലേറ്ററി കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി. അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരെ വ്യാപക വിമര്‍ശമുള്ളതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ലോഡ് ഷെഡിങ് ഉണ്ടെങ്കില്‍ ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണം. മണ്‍സൂണ്‍ ശക്തിപ്പെടുമ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാന്‍ കെഎസ്ഇബി ശ്രമിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

0 Comments