തൃശൂരിലെ നഴ്സുമാരുടെ സമരം; പ്രശ്‌നപരിഹാരത്തിനായുള്ള ചര്‍ച്ച നാളെ

 


തൃശൂര്‍: തൃശൂരിലെ നഴ്സുമാരുടെ സമരത്തില്‍ പ്രശ്‌നപരിഹാരത്തിനായി നാളെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചര്‍ച്ച നടക്കും. മാനേജ്‌മെന്റ് പ്രതിനിധികളും യുഎന്‍എ ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

ജില്ലയിലെ മറ്റ് ആശുപത്രികളിലെ സമരം നേരത്തെ പരിഹരിച്ചിരുന്നു. നിലവില്‍ തൃശൂര്‍ അമല, ജൂബിലി മിഷന്‍ എന്നീ ആശുപത്രികളിലാണ് സമരം തുടരുന്നത്. മാനേജ്‌മെന്റുകൾക്ക് എതിരായ സമരം യുഎന്‍എ ശക്തമാക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ചര്‍ച്ച.

സമ്പൂര്‍ണ പണിമുടക്കിലേക്ക് കടക്കുമെന്ന യുഎൻഎയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് മാനേജ്മന്റ് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. സമരം തുടരുന്ന സ്വകാര്യ ആശുപത്രികളിലെ മാനേജ്മെന്റുകൾക്കുമേൽ മറ്റു ആശുപത്രികൾ സമ്മര്‍ദം ചെലുത്തുന്നതായാണ് വിവരം.

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് യുഎന്‍എയുടെ സമരം. ജൂണ്‍ ആദ്യവാരത്തില്‍ തൃശൂരിലെ നഴ്സുമാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

ലേബര്‍ ഓഫീസ് മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. മാനേജ്‌മെന്റുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നില്ലെന്നും പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും നഴ്സുമാര്‍ ആരോപിച്ചിരുന്നു.


Post a Comment

0 Comments