ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഐഫോൺ ഉപയോക്താക്കൾക്കായി ‘വ്യൂ-വൺസ്’ ടെക്സ്റ്റ് മെസേജുകൾ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് കമ്പനി നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലാണെന്നും ബീറ്റാ ഉപയോക്താക്കൾക്ക് പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും അറിയുന്നു.
വാട്‍സാപ്പ് ബീറ്റ ഫോർ ഐഓഎസ് (WhatsApp Beta for iOS) പതിപ്പ് 26.24.10.16-ൽ ഈ ഫീച്ചറിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് (TestFlight) പ്രോഗ്രാമിലൂടെ ബീറ്റാ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്ന ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമല്ല.
നിലവിൽ വാട്‌സ്ആപ്പിൽ ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ ‘വ്യൂ-വൺസ്’ രീതിയിൽ അയക്കാനുള്ള സൗകര്യമുണ്ട്. അതായത്, സ്വീകരിക്കുന്നയാൾ ഒരു തവണ മാത്രം അത് കാണാനോ കേൾക്കാനോ കഴിയും. പിന്നീട് ആ ഉള്ളടക്കം സ്വയം അപ്രത്യക്ഷമാകും. ഇതേ ആശയം ടെക്സ്റ്റ് സന്ദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഫീച്ചർ അവതരിപ്പിച്ചാൽ ഉപയോക്താക്കൾ ഒരു ടെക്സ്റ്റ് സന്ദേശം ടൈപ്പ് ചെയ്ത ശേഷം ‘സെൻഡ്’ ബട്ടൺ ദീർഘനേരം അമർത്തി പിടിക്കുമ്പോൾ സെൻഡ് ആസ് വ്യൂ വൺസ് (Send as View Once) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയുമെന്നാണ് സൂചന. ഇതിലൂടെ അയക്കുന്ന സന്ദേശം സ്വീകരിക്കുന്നയാൾ ഒരുതവണ മാത്രം വായിക്കാൻ സാധിക്കും. സന്ദേശം തുറന്നുകഴിഞ്ഞാൽ അത് വീണ്ടും കാണാനോ വീണ്ടെടുക്കാനോ സാധിക്കില്ല.
വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാട്‌സ്ആപ്പ് ചാനലുകളിൽ ഇത് ലഭ്യമാകാൻ സാധ്യതയില്ല. കൂടാതെ, നിലവിലുള്ള വ്യൂ-വൺസ് മീഡിയ ഫയലുകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ തന്നെയാകും ടെക്സ്റ്റ് സന്ദേശങ്ങൾക്കും ബാധകമാകുക. സന്ദേശങ്ങൾ കോപ്പി ചെയ്യുക, ഫോർവേഡ് ചെയ്യുക, ഷെയർ ചെയ്യുക, സ്‌ക്രീൻഷോട്ട് എടുക്കുക, സ്‌ക്രീൻ റെക്കോർഡ് ചെയ്യുക തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് സൂചന. താൽക്കാലികമായി മാത്രം വിവരങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ പലപ്പോഴും വ്യൂ-വൺസ് ചിത്രങ്ങൾ ഉപയോഗിച്ച് അതിൽ ടെക്സ്റ്റ് എഴുതി അയക്കുന്ന രീതിയാണ് പിന്തുടരുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ അതിനുള്ള പ്രത്യേകവും കൂടുതൽ സൗകര്യപ്രദവുമായ സംവിധാനം ഉപയോക്താക്കൾക്ക് ലഭിക്കും.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, ഡിസപ്പിയറിംഗ് മെസേജുകൾ, വ്യൂ-വൺസ് മീഡിയ എന്നിവയ്ക്ക് പിന്നാലെ ഈ പുതിയ സൗകര്യവും എത്തുകയാണെങ്കിൽ, വാട്‌സ്ആപ്പിന്റെ സ്വകാര്യതാ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. കമ്പനി ഔദ്യോഗികമായി ഫീച്ചർ പ്രഖ്യാപിക്കുന്നതിനായി ഉപയോക്താക്കൾ കാത്തിരിക്കുകയാണ്.

0 Comments