ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകള്‍ കാണാതായെന്ന ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് യുപി സര്‍ക്കാര്‍. ഏഴ് ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ടും 15 ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ക്ഷേത്ര ട്രസ്റ്റ് മുന്‍ അംഗത്തിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ലഖ്നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്താണ് അന്വേഷണ സംഘത്തിന്റെ ചെയര്‍മാന്‍. ലഖ്നൗ റേഞ്ച് ഐജി എസ്.കിരണ്‍, ധനകാര്യവകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി നീല്‍ രത്തന്‍ എന്നിവരാണ് എസ്‌ഐടിയിലെ മറ്റ് അംഗങ്ങള്‍.
ഭക്തരുടെ വിശ്വാസത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും യുപി മന്ത്രി സൂര്യ പ്രതാപ് ഷാഹി പറഞ്ഞു. നിലവില്‍ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ പണമിടപാട്, ബാങ്ക് അക്കൗണ്ട്, വരവുചെലവ് കണക്കുകൾ, ഭൂമി ഇടപാടുകൾ എന്നിവ കൃത്യമായി പരിശോധിക്കുമെന്നും യോഗി സർക്കാർ അറിയിച്ചു.
ഭക്തര്‍ രാമക്ഷേത്രത്തില്‍ സംഭാവന ചെയ്ത കോടിക്കണക്കിന് രൂപ കാണാതായെന്നാണ് പരാതി. കഴിഞ്ഞ മൂന്ന് മാസമായി ക്ഷേത്രത്തിൽ വലിയ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. സമാനമായ ആരോപണം സമാജ്‌വാദി പാര്‍ട്ടിയും ഉന്നയിച്ചു. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയും ആവശ്യപ്പെട്ടിരുന്നു.

0 Comments