കാഫിർ സ്ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

 



കോഴിക്കോട്: കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ജിതിന്‍ രണ്ടാമതും ജാമ്യത്തിന് അപേക്ഷ നൽകിയത്. എന്നാൽ ജാമ്യം നൽകിയാൽ പ്രതി തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം.

ജിതിന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോൺ കൂടുതൽ വിവരശേഖരണത്തിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങൾ ലഭ്യമാകൂ. വിവാദ സ്‌ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ ഇത് നിർമിച്ചത് ആരാണെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. മുൻപ് ഡിവൈഎഫ്ഐ നേതാവ് റിബേഷിലേക്ക് അന്വേഷണം നീങ്ങിയിരുന്നെങ്കിലും ഉറവിടം കണ്ടെത്താനാകാതെ അവസാനിപ്പിച്ചിരുന്നു. പുതിയ പ്രത്യേക അന്വേഷണ സംഘം വന്ന ശേഷമാണ് കൃത്യമായ നടപടികളിലേക്കും അറസ്റ്റിലേക്കും കടന്നത്.

Post a Comment

0 Comments