കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക വെള്ളക്കല്ലുങ്കൽ സ്റ്റാൻലി ജോസഫും കുടുംബവും 26 വർഷമായി സ്വന്തം പട്ടയഭൂമിയുടെ അവകാശത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം അത്യന്തം പ്രതിഷേധാർഹവും ജനാധിപത്യ സംവിധാനത്തിന് അപമാനകരവുമാണെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പട്ടയം, ആധാരം, നികുതി രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സർക്കാർ തന്നെ ഭൂമി അളന്ന് സ്റ്റാൻലി ജോസഫിന്റെ കുടുംബത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുകയും അതിർത്തി നിർണയിക്കുകയും ചെയ്തിട്ടും വനംവകുപ്പ് സ്ഥാപിച്ച ജണ്ട ഇന്നും നീക്കം ചെയ്യാത്തത് ഗുരുതരമായ ഭരണവീഴ്ചയാണ്. ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയുടെ ദുരിതം ഒരു സാധാരണ കർഷകകുടുംബം വർഷങ്ങളായി അനുഭവിക്കുകയാണ്.
2022-ൽ ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നൽകിയ ഉറപ്പുകൾ ഇതുവരെ നടപ്പാക്കാത്തത് അംഗീകരിക്കാനാവില്ല. കിഫ നടത്തിയ ഇടപെടലുകളും കൂടെയാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്. സ്വന്തം ഭൂമിയിൽ വീട് നിർമ്മിക്കാനോ കൃഷി വികസിപ്പിക്കാനോ പോലും കഴിയാത്ത അവസ്ഥ കർഷകരോടുള്ള കടുത്ത അനീതിയാണ്.
റീസർവേയിൽ കാണാതായ 35 സെന്റ് ഭൂമിയുടെ കാര്യത്തിലും സമഗ്ര അന്വേഷണം നടത്തി യഥാർഥ സ്ഥിതി പൊതുജനങ്ങളെ അറിയിക്കണം. ഭൂമിയുടെ പൂർണ അവകാശം സ്റ്റാൻലി ജോസഫിനും കുടുംബത്തിനും ഉടൻ ഉറപ്പാക്കുകയും, വനംവകുപ്പ് സ്ഥാപിച്ച ജണ്ടകൾ കാലതാമസമില്ലാതെ നീക്കം ചെയ്യുകയും വേണം.
വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് സ്റ്റാൻലി ജോസഫിനും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് പ്രിൻസ് ദേവസ്യ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കർഷകരെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് കിഫ നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
.jpg)
0 Comments