സലീംകുമാറുമായുള്ള മലയാളികളുടെ ഓർമ സിനിമയിൽ മാത്രം നിൽക്കുന്നതല്ല. സാമൂഹികമായ ഒരു വിഷയവും അദ്ദേഹത്തിന് അന്യമായിരുന്നില്ല. അത്തരത്തിൽ മലയാളിൽ ഓർത്തുനിൽക്കുന്ന ഒന്നാണ് പ്രളയകാലം. അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ നടൻ സലിംകുമാറും കുടുംബവും അകപ്പെട്ടു പോയിരുന്നു. മൂന്നുദിവസമാണ് പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുളള ലാഫിങ് വില്ല എന്ന വീട്ടിൽ സലിം കുമാറും കുടുംബവും കുടുങ്ങിയത്.
2018ലെ മഹാപ്രളയകാലത്ത് അദ്ദേഹം കാണിച്ച കാരുണ്യപ്രവർത്തികളെ വടക്കൻ പറവൂരിലെ ജനങ്ങൾ സ്നേഹത്തോടെ അനുസ്മരിക്കുന്നത്. പ്രളയകാലത്ത് ദുരിതത്തിലായപ്പോൾ അഭയം തേടിയെത്തിയ ഡസൻകണക്കിന് ആളുകൾക്കായി സലിംകുമാർ തന്റെ 'ലാഫിംഗ് വില്ല' എന്ന വീടിന്റെ വാതിലുകളും തുറന്നുനൽകി.
വീടുകൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് നാൽപ്പത്തിയഞ്ചോളം ആളുകളാണ് സലിം കുമാറിന്റെ വീട്ടിൽ അഭയം പ്രാപിച്ചതെന്ന് അദ്ദേഹത്തിന്റെ അയൽവാസികളിലൊരാൾ പറഞ്ഞു.
"അദ്ദേഹം അപ്പോൾ വീടൊഴിഞ്ഞ് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ ഞങ്ങളുടെ അവസ്ഥ കണ്ടപ്പോൾ അവിടെത്തങ്ങാൻ അനുവദിക്കുകയും ഞങ്ങൾക്കൊപ്പം തന്നെ തുടരുകയും ചെയ്തു," അയൽവാസി പറഞ്ഞു.
ഒരു മുറി മാത്രം പൂട്ടിയിട്ട്, വീടിന്റെ ബാക്കി എല്ലാ മുറികളും സലിം കുമാർ തങ്ങൾക്ക് തുറന്നുതന്നു. പ്രളയബാധിതർക്കൊപ്പം മൂന്നുദിവസത്തോളം അദ്ദേഹം ആ വീട്ടിൽത്തന്നെയാണ് കഴിഞ്ഞത്. ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാൻ കരുതിയിരുന്ന ഭക്ഷ്യസാധനങ്ങൾ അദ്ദേഹം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മൂന്ന് ദിവസത്തോളം ആ സാധനങ്ങൾ കൊണ്ടാണ് ഞങ്ങൾ വിശപ്പടക്കിയതെന്നും അയൽവാസി പറഞ്ഞു.
പ്രളയജലം ക്രമേണ വീടിന്റെ താഴത്തെ നിലയിലേക്ക് കയറിത്തുടങ്ങിയപ്പോൾ, അവിടെയുള്ളവരെ രക്ഷിക്കുന്നതിനായി സലിം കുമാർ അധികൃതരുടെ സഹായം തേടി.
"ഞങ്ങളെയെല്ലാം ബോട്ടിൽ കയറ്റി മാറ്റിയതിന് ശേഷമാണ് അദ്ദേഹം ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. അതുവരെ അദ്ദേഹം ഞങ്ങൾക്കൊപ്പം തന്നെ നിന്നു. വീടിന്റെ ഗേറ്റുകൾ എപ്പോഴും തുറന്നുകിടന്നിരുന്നു, സഹായത്തിനായി ആർക്കും അദ്ദേഹത്തെ സമീപിക്കാമായിരുന്നു," പ്രദേശവാസി ഓർത്തെടുത്തു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേ ഇന്നലെ രാത്രി 10.43 ഓടെയാണ് സലീംകുമാറിൻ്റെ അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികിത്സ തേടുന്നുണ്ടായിരുന്നു. വെന്റിലേറ്ററില്‍ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും.

0 Comments