ആനപ്രതിരോധ മതിലിന്റെ അറ്റകുറ്റപ്പണി; ടെൻഡർ നടപടി ഈ മാസം പൂർത്തിയാകും

 




കൊട്ടിയൂർ: കൊട്ടിയൂർ റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ച ആനപ്രതിരോധ മതിലുകളുടെ അറ്റകുറ്റപ്പണിക്കും പുനർനിർമാണത്തിനുമായി വനംവകുപ്പ് ആരംഭിച്ച ടെൻഡർ നടപടി ഈ മാസം പൂർത്തിയാകും. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് കൊച്ചിക്കുളം, വാളു മുക്ക്, ചപ്പാത്തോട് മേഖലകളിലെ ആനപ്രതിരോധ മതിലുകൾ തകർന്ന പ്രദേശത്തെ നവീകരണ പ്രവർത്തനങ്ങൾക്കായാണ് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ഇ-ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. രണ്ടര നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തി ഉടൻ തന്നെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വനം വകുപ്പ് അറിയിച്ചു 

2026-27 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന പദ്ധതിക്കായി 13.18 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നബാർഡ് പദ്ധതിയുടെ ഭാഗമായി 2015-18 കാലഘട്ടത്തിൽ വളയം ചാൽ മുതൽ അടയ്ക്കാത്തോട് കരിയം കാപ്പ് വരെ നിർമ്മിച്ച മതിലുകളുടെ ചില ഭാഗങ്ങൾ കാലപ്പഴക്കവും പ്രകൃതിക്ഷോഭങ്ങളും മൂലം തകർന്ന നിലയിലായ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്.

വനാതിർത്തി പ്രദേശങ്ങളിലെ ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ കടന്നുകയറുന്നത് തടയുന്നതിൽ നിർണായക പങ്കുവഹിക്കുന്നതാണ് ആനപ്രതിരോധ മതിലുകൾ. തകർന്ന ഭാഗങ്ങൾ കാരണം പല സ്ഥലങ്ങളിലും സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത കുറയുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയത്.

ഡ്രൈ റബ്ബിൾ സ്റ്റോണും കോൺക്രീറ്റും ഉപയോഗിച്ച് മതിലുകളുടെ തകർന്ന ഭാഗങ്ങൾ പുനർനിർമിക്കുകയും ബലപ്പെടുത്തുകയും ചെയ്യും. പ്രവൃത്തി പൂർത്തിയാക്കുന്നതിനായി മൂന്ന് മാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്.

കേരള സർക്കാർ ഇ-ഗവേണൻസ് പ്രൊക്യൂർമെന്റ് (e-GP) സംവിധാനത്തിലൂടെയാണ് ടെൻഡർ നടപടികൾ നടക്കുന്നത്. സിവിൽ-ഡി വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത കരാറുകാർക്കാണ് ടെൻഡറിൽ പങ്കെടുക്കാൻ അർഹത. ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 22 ഉച്ചയ്ക്ക് ഒരു മണി അവരെ ആയിരുന്നു. ലഭിക്കുന്ന ടെൻഡറുകൾ ജൂൺ 30-ന് രാവിലെ 11 മണിക്ക് തുറക്കും.

മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും വനാതിർത്തി മേഖലകളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആനപ്രതിരോധ മതിലുകളുടെ അറ്റകുറ്റപ്പണി നിർണായകമാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കേളകം പഞ്ചായത്തിന്റെ സമ്മർദ്ദം മൂലമാണ് ടെൻഡർ നടപടികൾ വേഗത്തിലാക്കി . നിർമ്മാണ പ്രവർത്തി എത്രയും പെട്ടെന്ന് ആരംഭിക്കാൻ നീക്കം നടക്കുന്നത്. ആനപ്രതിരോധ മതിൽ പൊളിഞ്ഞുഭാഗത്ത് കൂടെ ആനവാസ മേഖലയിൽ കടന്നിരുന്നു. 

ആറളം പുനരധിവാസ മേഖലയിലെ ആനപ്രതിരോധ മതിൽ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തെ കാട്ടാനശല്യം അത് രൂക്ഷമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.


Post a Comment

0 Comments