ലോകകപ്പിൽ നേരിട്ടത് വലിയ തിരിച്ചടി, ആഗ്രഹം സഫലമാകാതെ സൗദി ടീം; ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച് ദേശീയ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറ്

 



റിയാദ്: സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) പ്രസിഡൻറ് യാസിർ അൽ മിസ്ഹൽ ഔദ്യോഗിക പദവി ഒഴിഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി ഫെഡറേഷെൻറ അമരത്തിരുന്ന അദ്ദേഹം, നിലവിലെ കാലാവധി പൂർത്തിയാകുന്നതുവരെ സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ‘എക്സ്’ പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് രാജി പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ വർഷങ്ങളിൽ സൗദി ഫുട്ബാൾ കൈവരിച്ച പ്രശംസനീയമായ നേട്ടങ്ങൾക്ക് പിന്നിൽ ഭരണാധികാരികളുടെ വലിയ പിന്തുണയുണ്ടായിരുന്നതായി അൽ മിസ്ഹൽ അനുസ്മരിച്ചു. ഫെഡറേഷന് നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അദ്ദേഹം പ്രത്യേക നന്ദിയും കടപ്പാടും രേഖപ്പെടുത്തി. ഒപ്പം, സൗദി കായിക മേഖലയുടെ പുരോഗതിക്കായി നിരന്തരം പ്രയത്നിക്കുന്ന കായിക മന്ത്രിക്കും അദ്ദേഹം നന്ദി അറിയിച്ചു.

രാജ്യത്തിെൻറയും ഫുട്ബാൾ ആരാധകരുടെയും വലിയ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ നിലവിലെ ഡയറക്ടർ ബോർഡ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ ലോകകപ്പിെൻറ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ സൗദി ദേശീയ ടീമിന് സാധിക്കാതെ പോയത് വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം സമ്മതിച്ചു. ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കാത്തതിെൻറ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും, ടീം കൂടുതൽ ഉയരങ്ങളിലെത്താൻ ആഗ്രഹിച്ച മുഴുവൻ ആരാധകരോടും ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദിത്തബോധത്തോടെ പുതിയൊരു നേതൃത്വത്തിന് വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്ന് ബോധ്യപ്പെട്ടതിനാലാണ് കാലാവധി തീരും മുൻപുള്ള ഈ പിന്മാറ്റമെന്ന് അൽ മിസ്ഹൽ വ്യക്തമാക്കി

Post a Comment

0 Comments