തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയമുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം.ലിജു. ബജറ്റ് അവതരണത്തിന് ശേഷം ചർച്ചകളിലേക്ക് കടക്കുമെന്നും കേരളത്തിന് പ്രയോജനപ്രദമായ നയമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയിൽ ആശ്വാസ് പദ്ധതി നടപ്പിലാക്കുമെന്നും സഹകരണ സംഘങ്ങൾക്കും സഹകാരികൾക്കും പദ്ധതി ഒരുപോലെ പ്രയോജനപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
'എൽഡിഎഫ് സർക്കാരിന്‍റേത് പോലുള്ള മദ്യനയമല്ലല്ലോ ഞങ്ങളുടേത്. ബജറ്റ് അവതരണത്തിന് ശേഷം അത്തരം ചർച്ചകളിലേക്ക് കടക്കും. യുഡിഎഫ് നേതൃത്വവുമായും കോൺഗ്രസ് നേതൃത്വുമായും കൂടിയാലോചിച്ചായിരിക്കും അന്തിമതീരുമാനം. സ്റ്റേക്ക് ഹോൾഡേഴ്സുമായും ചർച്ച നടത്തും. ചർച്ചകൾക്കൊടുവിൽ കേരള സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിലുള്ള മദ്യനയം കേരളത്തിൽ ഞങ്ങൾ പ്രഖ്യാപിക്കും'. മന്ത്രി പറഞ്ഞു.
'നിലവിൽ എക്സൈസിന് മുന്നിൽ നിരവധി പരിമിതകളുണ്ട്. ഉദ്യോഗസ്ഥരുടെ എണ്ണം, വാഹനങ്ങൾ, ലാബ് എന്നിവയിൽ പരിമിതിയുണ്ട്. ഒരു മോഡൽ ഓഫീസ് പോലുമില്ല. മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ആഭ്യന്തര വകുപ്പിന്‍റെ ഓപ്പറേഷൻ തൂഫാനിന് പിന്നാലെ എക്സൈസ് വകുപ്പിന്‍റെ ഓപ്പറേഷൻ തണ്ടറിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ജൂൺ 26ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
'സഹകരണ മേഖലയിലെ അംഗങ്ങൾക്ക് ആശ്വാസമേകിക്കൊണ്ട് ആശ്വാസ് പദ്ധതി ഉടൻ ആരംഭിക്കുന്നതായിരിക്കും. മൂന്നുമാസത്തേക്ക് ജപ്തി നടപടികളെല്ലാം ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംഘങ്ങൾക്കും സഹകാരികൾക്കും ഇത് ഒരുപോലെ പ്രയോജനം ചെയ്യപ്പെടുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത് കൂടാതെ, സഹകരണ സംഘങ്ങളെ ഉയർത്തിക്കൊണ്ട് വരാനുള്ള നടപടികൾ സ്വീകരിക്കും'. മന്ത്രി കൂട്ടിച്ചേർത്തു.

0 Comments