മലയിടംതുരുത്ത് ഭൂമി തര്‍ക്കം; സര്‍ക്കാരും പ്രദേശവാസികളും ഭൂ ഉടമയും തമ്മില്‍ നാളെ കരാര്‍ ഒപ്പിടും



എറണാകുളം മലയിടംതുരുത്ത് ഭൂതര്‍ക്ക വിഷയത്തില്‍ നാളെ കരാര്‍ ഒപ്പിടും. സര്‍ക്കാരും മലയിടംതുരുത്ത് നിവാസികളും ഭൂ ഉടമയും തമ്മിലാണ് കരാര്‍ ഒപ്പിടുന്നത്. ഏഴു കുടുംബങ്ങള്‍ക്കുള്ള ഭൂമിയും, വീടിന്റെ നിര്‍മ്മാണവും അടക്കമുള്ള കാര്യങ്ങള്‍ കരാറില്‍ രേഖപ്പെടുത്തും. പതിനാറാം തീയതി കോടതി അനുവദിച്ച സമയം തീരുന്നതിനു മുന്‍പായി കരാര്‍ ഒപ്പിടുകയാണ് ഉദ്ദേശം. ചൊവ്വാഴ്ച രാവിലെ കോടതിയില്‍ കരാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കും.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ഉണ്ടായ പ്രധാന വെല്ലുവിളിയായിരുന്നു മലയിടം തുരുത്ത് ഭൂപ്രശ്‌നം എങ്ങനെ രമ്യമായി പരിഹരിക്കുമെന്നത്. എപ്പോള്‍ വേണമെങ്കിലും പൊലീസ് വരാമെന്ന ഭീതിയില്‍ കഴിയുന്ന ഇവിടുത്തെ ഏഴു കുടുംബങ്ങള്‍ക്ക് ചെറുതല്ലാത്ത ആശ്വാസമാണ് ലഭിക്കുന്നത്. ഉന്നതിയിലെ താമസക്കാരും ഭൂ ഉടമകളും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായതോടെ ഇന്നലെ രാത്രി നടന്ന ചര്‍ച്ചയാണ് പ്രശ്‌നപരിഹാരത്തിലേക്ക് നയിച്ചത്.

ഇപ്പോഴുള്ള ഭൂമിയില്‍ തന്നെ അഞ്ച് സെന്റ് ഭൂമി വീതം ഓരോ കുടുംബങ്ങള്‍ക്കും ഭൂ ഉടമ വിട്ടു നല്‍കും. അവിടെ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വീട് വെച്ച് നല്‍കും. അവിടെക്ക് ആവശ്യമായ റോഡ് സൗകര്യവും ഏര്‍പ്പെടുത്തും. അതുവരെ ഇപ്പോള്‍ ഉള്ള വീട്ടില്‍ തന്നെ താമസിക്കാം. ആ സ്ഥലത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും അവസരം ഉണ്ടാകും. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായി പൊലീസ് എടുത്ത് കേസുകള്‍ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 16ന് ഇരു വിഭാഗങ്ങളും ഒപ്പിട്ട കരാര്‍ അഡ്വക്കേറ്റ് ജനറല്‍ മുഖേന ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

Post a Comment

0 Comments