തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി. പി ജോൺ. പ്രതിപക്ഷത്തിന് ആലോചിക്കാൻ ഇന്ന് രാത്രി കൂടി സമയമുണ്ടെന്നും ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തമ്പാനൂർ ബസ് സ്റ്റാൻഡിലെ ഉദ്ഘാടനവേദി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
'ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹം. ആലോചിക്കാൻ ഇന്ന് രാത്രി കൂടി സമയമുണ്ട്. ആലോചിച്ച് തീരുമാനമെടുക്കട്ടെ. പ്രതിപക്ഷാംഗങ്ങളോട് വിനയപൂർവം അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ഇത് വെറും സീറോ ടിക്കറ്റല്ല. യാത്ര ചെയ്യുന്നിടത്തേക്ക് യാത്രക്കാർ ടിക്കറ്റ് എടുക്കണം. തൊഴിലാളി സ്ത്രീകൾക്കാണ് ഇതിന്‍റെ ഗുണം കൂടുതൽ ലഭിക്കുക'. മന്ത്രി വ്യക്തമാക്കി.
അതേസമയം, ഉദ്ഘാടന ചടങ്ങിൽ നിന്ന് സിഐടിയു യൂണിയനും വിട്ട് നിന്നേക്കുമെന്നാണ് വിവരം. ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് കെഎസ്ആർടിഇഎ അറിയിച്ചു. സിപിഎം എംഎൽഎമാരുടെ ബഹിഷ്കരണത്തിന് പിന്നാലെയാണ് സിഐടിയുവിന്‍റെയും വിട്ടുനിൽക്കൽ.
നാളെ മുതലാണ് സൗജന്യ യാത്ര ആരംഭിക്കുന്നത്. രാവിലെ എട്ടരക്ക് തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യയാത്രയിൽ വനിതകൾക്ക് ഒപ്പം ബസിൽ മുഖ്യമന്ത്രിയും സഞ്ചരിച്ചേക്കും. ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിക്കുന്നത് അടക്കമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്. ടിക്കറ്റ് എടുക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും കെഎസ്ആർടിസി നൽകിയിട്ടുണ്ട്.
ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗൺ ടു ടൗൺ, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്‍റ് ടു പോയിന്‍റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. 65 മുതല്‍ 70 കോടി രൂപ മാസം വേണ്ടിവരുമെന്നാണ് കണക്ക്. 7 കോടി രൂപയാണ് കെഎസ്‍ആര്‍ടിസിയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം.
പുതിയ സൗജന്യയാത്രാ പദ്ധതി കെഎസ്ആർടിസിയുടെ സ്വന്തം പദ്ധതിയല്ലെന്നും യുഡിഎഫ് സർക്കാരിന്റെ കൃത്യമായ ക്ഷേമപ്രവർത്തനമാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ വ്യക്തമാക്കിയിരുന്നു
പദ്ധതി തട്ടിപ്പെന്നാണ് സിപിഎമ്മിന്‍റെ ആക്ഷേപം. സിപിഎം ജനപ്രതിനിധികള്‍ പരിപാടി ബഹിഷ്ക്കരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീ സൗജന്യ യാത്ര പദ്ധതിയിലെ സിപിഎം ബഹിഷ്കരണത്തെ ഗതാഗത മന്ത്രി പരിഹസിച്ചു. സിപിഎമ്മിന്‍റെ ബഹിഷ്കരണം ചരിത്രപരമായ വിഡ്ഡിത്തമാവരുത്. പദ്ധതി ബഹിഷ്കരിക്കരിക്കരുതെന്നും ബഹിഷ്കരിച്ചാൽ അവർക്ക് ബസ് മിസ് ആകുമെന്നും സി.പി ജോൺ നേരത്തെ വ്യക്തമാക്കുകയുണ്ടായി.
0 Comments