'സർക്കാർ സിസ്റ്റത്തെ പിന്തുണയ്ക്കുന്നവർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കും'; ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി കെ. മുരളീധരൻ

 



തിരുവനന്തപുരം: ഡിഎച്ച്എസ് പദവിയിൽ നിന്ന് ഡോ. പി.ജെ റീനയെ മാറ്റിയത് സ്റ്റേ ചെയ്ത ട്രൈബ്യൂണൽ വിധി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. സർക്കാർ സിസ്റ്റത്തെ പിന്തുണക്കുന്നവർക്ക് പൂർണ സംരക്ഷണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണത്തിന്റെ ഭാഗമായി ചില സംഭവങ്ങൾ ഉണ്ടാകും. അതിനെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിച്ചു. ഡിഎച്ച്എസിന്റെ ചുമതല വഹിക്കുന്ന മീനാക്ഷി നല്ല നിലയിൽ കാര്യങ്ങൾ ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

'തർക്കം സർക്കാറിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല. സ്ഥലംമാറ്റപ്പെട്ട വ്യക്തി ഓഫീസിൽ വന്നു സീൻ ഉണ്ടാക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. സർക്കാർ ആത്മ സംയമനം പാലിച്ചു. ഇതുകൊണ്ടൊന്നും ആരോടും പ്രതികാരം ഉണ്ടാകില്ല. ഡോ. റീനക്ക് ഡീ പ്രൊമോഷൻ അല്ല, തത്തുല്യമായ പദവിയാണെന്നും കെ.മുരളീധരൻ പറഞ്ഞു. സ്ഥിരം ഡിഎച്ച്എസിനെ കുറിച്ചുള്ള ചോദ്യത്തോട് ഇപ്പോഴത്തെ ആൾ നന്നായി കാര്യങ്ങൾ ചെയ്യുന്നുണ്ട്. സ്ഥിരം ഡിഎച്ച്എസിനെ ആലോചിച്ച് ഉടൻ തീരുമാനമെടുക്കും. മന്ത്രി അറിയാതെ ഡിഎച്ച്എസോ മറ്റ് ഉദ്യോഗസ്ഥരോ പ്രവർത്തിക്കില്ലെന്നും 35 ദിവസം കൊണ്ട് പത്തു വർഷത്തെ ദുരിതം പൂർണമായും അവസാനിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലംമാറ്റിയ നടപടിയിൽ സർക്കാർ നടപടി ശരിവെച്ചിരുന്നു. ട്രൈബ്യൂണൽ വിധിക്കെതിരായ സർക്കാർ അപ്പീലിലാണ് നടപടി. ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാർ ആവശ്യം. ഡോ. റീനയെ ഏതെങ്കിലും തരത്തിൽ തരം താഴ്ത്തിയിട്ടില്ല. അനുയോജ്യമായ പദവിയിലേക്കാണ് മാറ്റിയത്. 2025 ൽ തന്നെ ഡോ. റീനയുടെ നിയമനത്തിന്റെ കാലാവധി കഴിഞ്ഞതാണ് എന്നിവയായിരുന്നു സർക്കാറിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ലിസ്റ്റ് ചെയ്ത കേസുകളുടെ പട്ടികയിൽ ഈ കേസ് ഉണ്ടായിരുന്നില്ല. തുടർന്ന്, അഡ്വക്കേറ്റ് ജനറൽ നേരിട്ടെത്തി ആവശ്യപ്പെട്ട പ്രകാരമാണ് കേസ് പരിഗണിച്ചത്. കേസിൽ സർക്കാറിന് വേണ്ടി ഹാജരായതും അഡ്വക്കേറ്റ് ജനറൽ തന്നെയാണ്.

Post a Comment

0 Comments