പിഎം ശ്രീ കഴിഞ്ഞ സർക്കാർ ഉപേക്ഷിച്ച പദ്ധതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്



തിരുവനന്തപുരം: പിഎം ശ്രീ കഴിഞ്ഞ സർക്കാർ ഉപേക്ഷിച്ച പദ്ധതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്. പദ്ധതി നടപ്പാക്കില്ലെന്ന് കഴിഞ്ഞ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നെന്നും സമഗ്ര ശിക്ഷയുടെ പണം വാങ്ങിയതിനെ പിഎം ശ്രീയുടെ ഫണ്ട് വാങ്ങിയതായി ചിത്രീകരിക്കുകയാണെന്നും സ്വരാജ് പറഞ്ഞു. യുഡിഎഫിന്‍റെ നേതാക്കൾ പിഎം ശ്രീക്കെതിരെ പല പ്രസ്താവനകൾ നടത്തിയിരുന്നെന്നും അന്ന് പദ്ധതിയെ കടലിലെറിയുമെന്ന് പറഞ്ഞവർ ഇന്ന് തലയിലേറ്റി വെച്ചിരിക്കുകയാണെന്നും സ്വരാജ് പ്രതികരിച്ചു. പിഎം ശ്രീയിൽ തുടരാൻ സർക്കാർ നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പറഞ്ഞിരുന്നു. പിന്നാലെ, രൂക്ഷ വിമർശനവുമായി സിപിഎം നേതാക്കൾ രംഗത്തെത്തുകയും ചെയ്തു.

'തങ്ങൾ അധികാരത്തിലെത്തിയാൽ പദ്ധതിയെടുത്ത് അറബിക്കടലിൽ എറിയുമെന്നും നിർത്തലാക്കുമെന്നും കുഞ്ഞാലിക്കുട്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ, പദ്ധതി ഉപേക്ഷിക്കുമെന്ന് പറഞ്ഞവർ തന്നെ ഇപ്പോൾ അത് നടപ്പിലാക്കാൻ പോവുകയാണ്. ഈ പദ്ധതി കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്ന് എൽഡിഎഫ് നേരത്തെ തീരുമാനിച്ചതാണ്. നവംബർ 12ന് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്ത് കൈമാറുകയും ചെയ്തതാണ്'. സ്വരാജ് വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിലൂടെ കേരളം ഇതുവരെയും പണം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതി നടപ്പാക്കാൻ സർക്കാർ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനുള്ള പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പറഞ്ഞിരുന്നു. സർക്കാരിന്‍റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലി കഴിപ്പിക്കാതിരിക്കാൻ ആണ് ശ്രമിക്കുന്നതെന്നും നിലവിൽ കേരളം ഇതിൽ അംഗമാണെന്നും സതീശൻ പറഞ്ഞു. കേരളത്തിന്‍റെ അവകാശം ബലി കഴിക്കാതെയും വർഗീയ അജണ്ടയില്ലാതെയും പദ്ധതി എങ്ങനെ നടപ്പാക്കാനാകുമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സിപിഎം, എൽഡിഎഫ് പ്രവർത്തകർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കഴിഞ്ഞ സർക്കാർ കരാർ മരവിപ്പിച്ചെന്നും ബിജെപിക്ക് മുന്നിൽ യുഡിഎഫ് സർക്കാർ കീഴടങ്ങിയെന്നും ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ കത്ത് അയച്ചിട്ടില്ലെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ മറ്റൊരു കളവാണെന്നും ഗോവിന്ദൻ നേരത്തെ പ്രതികരിക്കുകയുണ്ടായി.

അതേസമയം, കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. എങ്കിലും കരിക്കുലത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉപസമിതി വെച്ച് കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Post a Comment

0 Comments