കോട്ടയം: തന്റെ കഥ മോഷ്ടിച്ചതാണ് ദൃഢം സിനിമയെന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ ആരോപണം തള്ളി ചിത്രത്തിന്റെ സംവിധായകൻ മാർട്ടിൻ ജോസഫ്. ശ്രീലേഖയുടെ ചെറുകഥ ഇന്ന് യൂടൂബിൽ കണ്ടു. തന്റെ സിനിമയുമായി യാതൊരു സാമ്യവും തോന്നിയില്ലെന്നും മാർട്ടിൻ ജോസഫ് വ്യക്തമാക്കി.
'രാവിലെ സുഹൃത്തുക്കൾ അയച്ചുതന്ന ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ് ഞാൻ കണ്ടിരുന്നു. നാല് വർഷം മുമ്പ് അവർ യൂട്യൂബിൽ പങ്കുവെച്ച ഒരു ചെറുകഥ മോഷ്ടിച്ചാണ് സിനിമയെന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. തുടർന്ന് ഞാനും സിനിമയുടെ തിരക്കഥാകൃത്തുക്കളും ആ 33 മിനിറ്റ് ദൈർഘ്യമുള്ള ചെറുകഥ യൂട്യൂബിൽ കണ്ട് വിലയിരുത്തി. സിനിമ കണ്ടവർക്ക് വ്യക്തമാകും, ആ കഥയും ഈ സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല. രണ്ട് കഥകളുടെയും പശ്ചാത്തലം ഒരു പൊലീസ് സ്റ്റേഷൻ ആണെന്നത് മാത്രമാണ് ആകെയുള്ള സാമ്യം. ബാക്കിയെല്ലാം തികച്ചും വ്യത്യസ്തമാണ്'- മാർട്ടിൻ ജോസഫ് വ്യക്തമാക്കി.
ഇത്തരമൊരു ആരോപണവുമായി അവർ എന്തിനാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് മനസ്സിലാകുന്നില്ലെന്നും, ആദ്യമായാണ് തങ്ങൾ ഈ ചെറുകഥ കാണുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഷെയ്‍ൻ നിഗം നായകനായി വന്ന ചിത്രമാണ് ദൃഢം.തന്റെ ചെറുകഥ മോഷ്‍ടിച്ചതാണ് ദൃഢം എന്നാണ് മുന്‍ ഡിജിപി കൂടിയായ ശ്രീലേഖ ആരോപിക്കുന്നത്. താൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പൊലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല എന്നാണ് ശ്രീലേഖ ആരോപിച്ചത്.

0 Comments