നീറ്റ് പുനഃപരീക്ഷ: അഡ്മിറ്റ് കാർഡ്, പരീക്ഷാദിനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം



ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ജൂൺ 21-നാണ് നീറ്റ് പുനഃപരീക്ഷ നടക്കുക. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ജൂൺ 14-ഓടെ ലഭ്യമാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മേയ് 15-ന് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. വിദ്യാർഥികൾക്ക് തങ്ങളുടെ ഹാൾ ടിക്കറ്റ് neet.nta.nic.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രം ഏതാണെന്ന വിവരവും അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കും. ഹാൾ ടിക്കറ്റ് ഇല്ലാത്ത ഒരു വിദ്യാർഥിയെയും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല.

പരീക്ഷാർഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പരീക്ഷാർഥികൾ കൃത്യമായി വായിച്ചു മനസിലാക്കണമെന്ന് എൻടിഎ അറിയിച്ചു.

* അയോഗ്യത ഒഴിവാക്കാൻ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം

പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശം രാവിലെ 11ന് ആരംഭിക്കും
ഉച്ചയ്ക്ക് 1.30ന് ശേഷം ഒരു വിദ്യാർഥിയെയും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല
ഉച്ചയ്ക്ക് 1.45ന് ഇൻവിജിലേറ്റർമാർ ബുക്ക്ലെറ്റുകൾ വിതരണം ചെയ്യും
സാധുവായ അഡ്മിറ്റ് കാർഡ് ഇല്ലാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല
പരീക്ഷയിൽ ക്രമക്കേടുകൾ നടത്താൻ ഉപയോഗിക്കാനിടയുള്ളതോ അല്ലെങ്കിൽ നിരോധിക്കപ്പെട്ടതോ ആയ യാതൊരുവിധ സാധനങ്ങളും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കില്ല
പരീക്ഷാ കേന്ദ്രത്തിലോ പരിസരത്തോ പുകവലിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
വാട്ടർ ബോട്ടിലുകൾ, ചായ, കോഫി, തണുത്ത പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ പരീക്ഷാ കേന്ദ്രത്തിനുള്ളിൽ അനുവദിക്കില്ല.

* പരീക്ഷാ ദിവസം കരുതേണ്ട രേഖകൾ

എൻടിഎ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന്റെ പ്രിന്റഡ് കോപ്പി
രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ (അപേക്ഷാ ഫോമിൽ നൽകിയ അതേ ഫോട്ടോ ആയിരിക്കണം)
അംഗീകൃത സർക്കാർ തിരിച്ചറിയൽ രേഖ
ഭിന്നശേഷിക്കാർ ശാരീരിക പരിമിതികൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ PwBD സർട്ടിഫിക്കറ്റ് കരുതണം
പരീക്ഷയിൽ വരുത്തിയ മാറ്റങ്ങൾ

ജൂൺ 13-ന് പുറത്തിറക്കിയ പൊതുവിജ്ഞാപനത്തിൽ, വിദ്യാർഥികൾക്ക് അനുകൂലമായ ചില മാറ്റങ്ങൾ വരുത്തിയതായി എൻടിഎ അറിയിച്ചു. ഇത്തവണ പരീക്ഷാ സമയം 195 മിനിറ്റായി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, റഫ് വർക്കുകൾ ചെയ്യാനായി മുമ്പ് നൽകിയിരുന്ന രണ്ട് പേജുകൾക്ക് പകരം ഇനി മുതൽ നാല് പേജുകൾ നൽകുമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

Post a Comment

0 Comments