മേജർ രവിയുടെ 'അകമ്പടി' പരാമർശം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി പിണറായി വിജയൻ




 തിരുവനന്തപുരം: നടനും ഇടത് എംപിയുമായിരുന്ന ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.

ബിജെപി നേതാവ് മേജർ രവിയുടെ പരാമർശം വസ്തുതാ വിരുദ്ധവും അപകീർത്തികരവുമാണെന്നും പരാതിയിൽ പറയുന്നു. പ്രസ്തുത പരാമർശത്തിലും തുടർന്നുണ്ടായ സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളിലും അന്വേഷണം വേണമെന്നാണ് പിണറായി വിജയൻ ആവശ്യപ്പെട്ടിരിക്കുന്നത്.

'അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്' എന്നായിരുന്നു മേജർ രവിയുടെ പരാമർശം.

എന്നാൽ ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ ശിക്ഷാനടപടി ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവ ദിവസത്തെ യഥാർത്ഥ ദൃശ്യങ്ങളുടെയും കൃത്രിമമായി നിർമിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും ഉൾപ്പെടുത്തിയാണ് പരാതി നൽകിയിരിക്കുന്നതെന്ന് പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു.

Post a Comment

0 Comments