ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

 



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം. കേസില്‍ തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് എസ്‌ഐടിയുടെ നീക്കം.

2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിനെ കുറിച്ചുള്ള വിവരങ്ങള്‍ എസ്‌ഐടി ചോദിച്ചറിഞ്ഞു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറോളം നീണ്ടുനിന്നു.

2019ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും പ്രതികള്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. നിലവില്‍ 2025ലെ പാളി കൈമാറ്റത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.


എന്തെങ്കിലും മറച്ചുവെക്കുന്നതിന്റെ ഭാഗമായിട്ടാണോ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയ വിവരം ഹൈക്കോടതിയെയും സ്‌പെഷ്യല്‍ കമ്മീഷണറെയും അറിയിക്കാതിരുന്നത് എന്നുള്ളതും ഇഡി പരിശോധിച്ചു വരികയാണ്.


അതേസമയം ദേവസ്വം മുന്‍ പ്രസിഡന്റായ പി.എസ് പ്രശാന്ത് കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ക്കേ, ശബരിമലയില്‍ നിന്ന് കട്ടിളപ്പാളികള്‍ കൊണ്ടുപോകുന്ന സമയത്ത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിച്ചിട്ടില്ലെന്ന വീഴ്ച മാത്രമാണ് തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് പറയുന്നത്.

എന്നാല്‍ 2025ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശമല്ല സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടത്. പക്ഷെ ഇതിന് ചുക്കാന്‍ പിടിച്ചത് പോറ്റി തന്നെയാണ്. ഇക്കാര്യങ്ങളില്‍ ഉള്‍പ്പെടെ വ്യക്തത വരുത്താനാണ് പോറ്റിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തത്.

ഇതിനിടെ പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള 2025ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എസ്‌ഐടി തീരുമാനിച്ചിരുന്നു. പൂര്‍ണമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ഭരണസമിതി അംഗങ്ങള്‍ പാളികള്‍ കൊടുത്തുവിട്ടതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പി.എസ് പ്രശാന്ത് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കുന്നത്.

Post a Comment

0 Comments