കുവൈത്ത് എയർപോർട്ട് T1ൽ എയർ ഇന്ത്യ ഉൾപ്പെടെ ഇരുപതോളം എയർലൈനുകൾ സർവീസിന് ഒരുങ്ങുന്നു



കുവൈത്ത് സിറ്റി: മൂന്ന് മാസം നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1ലെ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പുനരാരംഭിച്ചതോടെ വരും ദിവസങ്ങളിൽ കൂടുതൽ വിമാനക്കമ്പനികൾ സർവീസുകൾ വ്യാപിപ്പിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA). വേനൽക്കാല യാത്രാ തിരക്ക് മുന്നിൽ കണ്ടാണ് തീരുമാനം. ഏകദേശം 20 ഓളം എയർലൈനുകൾ സർവീസ് പുനരാരംഭിക്കുന്നതിനായി ഇതിനകം അപേക്ഷ നൽകുകയും ആവശ്യമായ അനുമതികൾ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.

ഘട്ടം ഘട്ടമായി വിമാനത്താവളം തുറന്നുനൽകുന്ന പദ്ധതിയുടെ ഭാഗമായി ജൂൺ 1 മുതലാണ് അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ടെർമിനൽ 1 വീണ്ടും പ്രവർത്തനസജ്ജമായത്. വിമാനത്താവളത്തിന്റെ ശേഷി ക്രമേണ വർധിപ്പിക്കുന്നതിനും സാധാരണ ഷെഡ്യൂളുകൾ പുനസ്ഥാപിക്കുന്നതിനുമായി, പ്രാരംഭ ഘട്ടത്തിൽ ഓരോ എയർലൈനുകൾക്കും പ്രതിദിനം ഒരു റൗണ്ട് ട്രിപ്പ് സർവീസ് (ഒരു വരവും ഒരു പോക്കും) നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനകം തന്നെ ഇത്തിഹാദ് എയർവേസ്, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ടി1-ലേക്ക് സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.

കുവൈത്ത് വിമാനത്താവളത്തിന്റെ ഔദ്യോഗിക സമയവിവരപ്പട്ടിക പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്, എമിറേറ്റ്സ്, ഖത്തർ എയർവേസ്, ഒമാൻ എയർ, ഗൾഫ് എയർ, ഫ്ലൈ ദുബൈ, എയർ അറേബ്യ, ഈജിപ്ത് എയർ, സലാം എയർ, സൗദി അറേബ്യൻ എയർലൈൻസ്, ശ്രീലങ്കൻ എയർലൈൻസ്, പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് തുടങ്ങിയ കമ്പനികളും വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾക്കായി ഇവിടെ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ ടെർമിനൽ പൂർണതോതിൽ സജീവമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments