ലക്ഷ്യം 10 ലക്ഷം ഫോണുകൾ, അതും പോക്കറ്റ് ചോരാത്ത വിലയിൽ; സ്മാർട്ട്‌ഫോൺ രംഗത്ത് പുതിയ തരംഗമാകാൻ 'ബോൾട്ട്'



ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്മാർട്ട്‌വാച്ച് വിപണിയിലെ മുൻനിരക്കാരായ ഫയർ-ബോൾട്ട് സ്മാർട്ട്ഫോണുമായി വിപണിയിലേക്ക്. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന സ്മാർട്ട്‌ഫോൺ ബ്രാൻഡിന് 'ബോൾട്ട്' എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ 10 ലക്ഷം സ്മാർട്ട്‌ഫോണുകൾ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. ഫ്ലിപ്കാർട്ട് വഴിയും മറ്റ് പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയുമായിരിക്കും ഫോണുകൾ വിപണിയിലെത്തുക.

പോക്കറ്റ് കാലിയാക്കാത്ത അതായത് ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോൺ വിപണിയെ ലക്ഷ്യമിട്ടാണ് 'ബോൾട്ട്' എത്തുന്നത്. 'എവോ' (Evo), 'എയ്‌സ്' (Ace) എന്നീ രണ്ട് സീരീസുകളിലായി 4G, 5G മോഡലുകൾ കമ്പനി പുറത്തിറക്കും. എന്നാൽ ഫോണുകളുടെ കൃത്യമായ ഫീച്ചറുകളോ, വിലയോ, ലോഞ്ച് തീയതിയോ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വരും ആഴ്ചകളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.

ഞങ്ങളുടെ സാങ്കേതിക വൈദഗ്ധ്യവും ഉപഭോക്തൃ താല്പര്യങ്ങളും സമന്വയിപ്പിച്ച്, ഇന്ത്യക്കായി രൂപകൽപ്പന ചെയ്ത മികച്ച സ്മാർട്ട്‌ഫോൺ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് വിപണി പ്രവേശനത്തെക്കുറിച്ച് ബോൾട്ട് സ്ഥാപകനും സിഇഒയുമായ അർണവ് കിഷോർ പറഞ്ഞത്. ഫോണുകൾ വേഗത്തിൽ എത്തിക്കുന്നതിനായി ഫ്ലിപ്കാർട്ടുമായി ബോൾട്ട് കൈകോർത്തിട്ടുണ്ട്. ഫ്ലിപ്കാർട്ടിന്റെ ശക്തമായ ശൃംഖലയും വിതരണ പരിചയവും ബോൾട്ടിന്റെ രാജ്യവ്യാപകമായ വളർച്ചയ്ക്ക് പിന്തുണയാകുമെന്ന് ഫ്ലിപ്കാർട്ട് പ്രതിനിധി മുകുന്ദ് കേഡിയ വ്യക്തമാക്കി.

ഗ്ലോബൽ മാർക്കറ്റിൽ മെമ്മറി ചിപ്പുകളുടെ വിലവർദ്ധനവും മറ്റ് സ്പെയർ പാർട്സുകളുടെ ക്ഷാമവും നേരിടുന്ന സമയത്താണ് ബോൾട്ടിന്റെ ഈ കടന്നുവരവ് എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ ആപ്പിൾ കമ്പനി തങ്ങളുടെ മാക്ബുക്ക് , ഐപാഡ് മോഡലുകൾക്ക് 1 ലക്ഷം രൂപ വരെ കുത്തനെ വില കൂട്ടിയതിന് പിന്നിലും ഈ ഘടകങ്ങളാണ്. ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ബോൾട്ട് തങ്ങളുടെ ബഡ്ജറ്റ് ഫോണുകളുമായി എങ്ങനെ വിപണി പിടിക്കുമെന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. സ്മാർട്ട്‌വാച്ചുകൾക്കും മറ്റ് വെയറബിൾസ് ഉപകരണങ്ങൾക്കും പേരുകേട്ട ഫയർ-ബോൾട്ടിന്റെ ഈ മാറ്റം ഇന്ത്യൻ സ്മാർട്ട്‌ഫോൺ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലുകളും ഉണ്ട്.

Post a Comment

0 Comments