ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ കൂട്ടക്കൊഴിഞ്ഞുപോക്കിനെ തുടർന്ന് ജീവനക്കാരുടെ രാജി, സ്വയം വിരമിക്കൽ നിയമങ്ങൾ കർശനമാക്കി കേന്ദ്ര ബഹിരാകാശ വകുപ്പ് പുതിയ ഉത്തരവിറക്കി. ഐഎസ്ആർഒയുടെ പ്രധാന ഗവേഷണ കേന്ദ്രങ്ങൾക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
ഇന്ത്യയുടെ അഭിമാനകരമായ മനുഷ്യ ബഹിരാകാശ ദൗത്യമായ 'ഗഗൻയാൻ' ഉൾപ്പെടെയുള്ള നിർണായക പദ്ധതികളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് 'എ' ശാസ്ത്ര-സാങ്കേതിക ജീവനക്കാരുടെ രാജി അല്ലെങ്കിൽ സ്വയം വിരമിക്കൽ അപേക്ഷകൾ ഇനി മുതൽ സാധാരണ രീതിയിൽ സ്വീകരിക്കരുതെന്ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്എസ്സി), ബംഗളൂരുവിലെ യു.ആർ റാവു സാറ്റലൈറ്റ് സെന്റർ (യുആർഎസ്സി) എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങൾക്ക് ജൂലൈ 14-ന് അയച്ച ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇനിമുതൽ സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികക്ക് താഴെയുള്ള ജീവനക്കാരുടെ അപേക്ഷകൾ പോലും അതത് കേന്ദ്രങ്ങളുടെ ഡയറക്ടർമാരുടെ കൃത്യമായ ശിപാർശയോടെ അന്തിമ തീരുമാനത്തിനായി ബഹിരാകാശ വകുപ്പിലേക്ക് അയക്കണമെന്നും ഉത്തരവിലുണ്ട്.
ശാസ്ത്രജ്ഞരുടെ രാജി, വിആർഎസ് അപേക്ഷകൾ സ്വീകരിക്കാൻ ഐഎസ്ആർഒ കേന്ദ്രങ്ങളുടെ മേധാവിമാർക്ക് അനുമതി നൽകിക്കൊണ്ട് 2020-ൽ കൊണ്ടുവന്ന ഭരണപരമായ ഇളവാണ് ഇതോടെ കേന്ദ്രം റദ്ദാക്കിയത്. വിഎസ്എസ്സി, യുആർഎസ്സി എന്നിവയ്ക്ക് പുറമെ സതീഷ് ധവാൻ സ്‌പേസ് സെന്റർ (എസ്ഡിഎസ്‌സി), ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി), സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ (എസ്എസി), നാഷണൽ റിമോട്ട് സെൻസിങ് സെന്റർ (എൻആർഎസി) തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങൾക്കും പുതിയ നിർദേശം ബാധകമാണ്.
തുമ്പയിലെ വിഎസ്എസ്സി, ബംഗളൂരുവിലെ യുആർഎസ്സി എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ രാജിവെച്ചത്. അടുത്തിടെ നൂറിലധികം ഉദ്യോഗസ്ഥരാണ് ഐഎസ്ആർഒ വിട്ടത്. ഗഗൻയാൻ ദൗത്യത്തിനായി ഉപയോഗിക്കുന്ന എൽവിഎം-3 (LVM3) റോക്കറ്റ് പ്രൊജക്ടിന്റെ ഡയറക്ടറായിരുന്ന മുതിർന്ന ശാസ്ത്രജ്ഞൻ വിക്ടർ ജോസഫ് ഈ വർഷം ഫെബ്രുവരിയിൽ രാജിവെച്ചിരുന്നു. പ്രൊജക്ട് ഡയറക്ടറായി 13 മാസം സേവനമനുഷ്ഠിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം.
രാജിവെച്ച ശാസ്ത്രജ്ഞരിൽ പലരും സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകളിലേക്കാണ് ചേക്കേറുന്നത്. 2020-ൽ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തതും 2023-ലെ ഇന്ത്യൻ സ്‌പേസ് പോളിസിയും രാജ്യത്ത് ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ വൻ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ 400-ലധികം രജിസ്റ്റർ ചെയ്ത സ്‌പേസ് സ്റ്റാർട്ടപ്പുകളുണ്ട്. ഇവ 500 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ആകർഷിച്ചിട്ടുള്ളത്. ഇതിൽ 150 ദശലക്ഷം ഡോളറും ലഭിച്ചത് 2025-ൽ മാത്രമാണ്. പിക്‌സൽ, ധ്രുവ സ്‌പേസ്, സ്‌കൈറൂട്ട് എയറോസ്‌പേസ്, അഗ്‌നികുൽ കോസ്‌മോസ്, ബെലാട്രിക്‌സ് എയറോസ്‌പേസ് തുടങ്ങിയ കമ്പനികളാണ് ഈ രംഗത്ത് മുന്നിലുള്ളത്.
%20(1).jpg)
0 Comments