കേളകത്ത് പുലി ആക്രമണം; ആടിനെ കടിച്ചുകൊന്നു, പശുക്കിടാവിന് പരിക്ക്



കേളകം: പഞ്ചായത്തിലെ വെണ്ടയ്ക്കുംചാൽ മേഖലയിൽ പുലി  ആടിനെ കടിച്ചുകൊന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജോസഫ് മാളിയേക്കലിന്റെ ആടാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അതേസമയം, ത്രേസ്യാമ്മ അറക്കൽ എന്നയാളുടെ പശുക്കിടാവിനും പുലി ആക്രമണത്തിൽ പരിക്കേറ്റു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല തുടർന്നാണ്. വനം വകുപ്പിന്റെ ആർ ആർ ടി ടീമിന്റെ നേതൃത്വത്തിൽ ഫീൽഡ് പരിശോധന നടത്തുന്നത്. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് വനം വകുപ്പ് തമ്പടിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക ഭീതി പരന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമായിരുന്ന മേഖലയിലാണ് പുലി ഇറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. പുലി റോഡ് മുറിച്ച് കടന്നുപോകുന്നത് ചിലർ നേരിൽ കണ്ടതായും വിവരം ലഭിച്ചിട്ടുണ്ട്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ജില്ലാ കളക്ടറുമായും ഡി.എഫ്.ഒയുമായും ഫോണിൽ സംസാരിച്ചു അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. വനം വകുപ്പ് ഇന്ന് പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തുകയാണ്. വൈകിട്ടോടെ പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വനം വകുപ്പ് നിർദേശം നൽകി. പുലിയുടെ സാന്നിധ്യം സംബന്ധിച്ച വിവരം ലഭിക്കുന്നവർ ഉടൻ അധികൃതരെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽസലാം, ജോർജുകുട്ടി താന്നിവേലിൽ, ജയ്മോൻ കൊച്ചറക്കൽ തുടങ്ങിയവർ സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി.

Post a Comment

0 Comments