എസി കോച്ചുകളില്‍ നിന്ന് യാത്രക്കാര്‍ മോഷ്ടിച്ചത് 1.27 കോടിയിലധികം തുണികള്‍; റെയില്‍വേയ്ക്ക് 104.5 കോടി രൂപ നഷ്ടം




 ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയിലെ എസി കോച്ചുകളില്‍ നിന്ന് യാത്രക്കാര്‍ മോഷ്ടിച്ചത് 1.27 കോടിയിലധികം തുണിത്തരങ്ങള്‍. തലയിണ, ഫേസ് ടവല്‍, ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ് എന്നിവയാണ് പ്രധാനമായും മോഷണം പോയത്.

ഈ മോഷണങ്ങള്‍ മൂലം 2022 ജനുവരി 2026 മെയ് വരെയുള്ള കാലയളവില്‍ റെയില്‍വേയ്ക്ക് 104.5 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 54 റെയില്‍വേ ഡിവിഷനുകളില്‍ നിന്നുള്ള ഡാറ്റകളാണ് ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നത്.

ഏറ്റവും കൂടുതല്‍ മോഷണം പോയിരിക്കുന്നത് ഫേസ് ടവലുകളാണ്. ഏകദേശം 46.54 ലക്ഷം ടവലുകളാണ് മോഷ്ടിക്കപ്പെട്ടത്. 41.13 ലക്ഷം ബെഡ്ഷീറ്റുകളും മോഷണം പോയി.

വിവരാവകാശ നിയമപ്രകാരം ലഭിച്ച ഈ ഞെട്ടിക്കുന്ന കണക്കുകള്‍, സാധാരണക്കാരായ കോച്ച് അറ്റന്‍ഡര്‍മാരെയാണ് സാരമായി ബാധിക്കുന്നത്. തുണികള്‍ മോഷണം പോകുന്നതോടെ റെയില്‍വേയുമായി കരാറുള്ള സ്വകാര്യ കമ്പനികള്‍ കോച്ച് അറ്റന്‍ഡര്‍മാരില്‍ നിന്നാണ് ഇതിന്റെ പണം ഈടാക്കുന്നത്.

ട്രെയിനിലെ താത്കാലിക ജീവനക്കാരായ കോച്ച് അറ്റന്‍ഡര്‍മാര്‍ക്ക് പ്രതിമാസം 14,000 രൂപയാണ് വരുമാനം. എന്നാല്‍ മോഷണം പോകുന്ന തുണികള്‍ക്ക് പകരമായി 2,000 രൂപ മുതല്‍ 4,000 രൂപ വരെയാണ് കമ്പനികള്‍ ഈടാക്കുന്നത്. ഈ നടപടി പാവപ്പെട്ട തൊഴിലാളികളില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഏകദേശം 8 ദശലക്ഷം യാത്രക്കാരാണ് റെയില്‍വേയിലെ എസി കോച്ചുകളില്‍ ദിനംപ്രതി യാത്ര ചെയ്യുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തില്‍ ഇടപെട്ടു. അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.

സംശയമുള്ളവരുടെ ബാഗുകള്‍ പരിശോധിക്കാനും റെയില്‍വേ പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം അറസ്റ്റ് ചെയ്യാനും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് അധികാരം നല്‍കുന്നത് അടക്കമുള്ള നീക്കങ്ങളാണ് സര്‍ക്കാരിന്റെ ആലോചനയിലുള്ളത്.

ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് പൗരബോധമില്ലാത്ത യാത്രക്കാരാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. ഒരു റെയില്‍വേ ജീവനക്കാരന്റെ പ്രതികരണം പങ്കുവെച്ച യൂട്യൂബര്‍ നവീന്‍ സിങ്ങിന്റെ വീഡിയോയാണ് ഈ ചര്‍ച്ചക്ക് വഴിവെച്ചത്.

ഒരു ടവല്‍ നഷ്ടപ്പെട്ടാല്‍ 60 രൂപയും ഒരു ബെഡ്ഷീറ്റ് നഷ്ടമായാല്‍ 150 രൂപയും ബ്ലാങ്കാറ്റാണ് നഷ്ടമാകുന്നതെങ്കില്‍ 700 രൂപ വീതവുമാണ് തങ്ങളില്‍ നിന്ന് ഈടാക്കുന്നതെന്നാണ് ജീവനക്കാരൻ പറയുന്നത്.

അടുത്തിടെ നഷ്ടപ്പെട്ട തുണികള്‍ക്ക് പകരമായി തന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് 5,000 രൂപ നല്‍കേണ്ടി വന്നിരുന്നുവെന്നും ജീവനക്കാരൻ പറയുന്നു.

Post a Comment

0 Comments