തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഭീഷണിയായി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2024-25 അധ്യയന വർഷത്തിൽ ആകെ 2,914 വിദ്യാർഥികളാണ് പഠനം ഉപേക്ഷിച്ച് സ്‌കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയത്. ഇതിൽ 24 ശതമാനം കുട്ടികളും പഠനത്തിൽ താത്പര്യം ഇല്ലാത്തതിനാലാണ് സ്‌കൂൾ ഉപേക്ഷിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ 704 പേരാണ് പഠനത്തിൽ താത്പര്യമില്ല എന്ന ഒറ്റ കാരണം കൊണ്ട് സ്‌കൂൾ ഉപേക്ഷിച്ചത്. ഏറ്റവും കൂടുതൽ കുട്ടികൾ പഠനം ഉപേക്ഷിച്ചത് വയനാട് ജില്ലയിലാണ്. 297 കുട്ടികളാണ് വയനാട്ടിൽ മാത്രം സ്‌കൂൾ ഉപേക്ഷിച്ചത്. ഇതിൽ കൂടുതലും എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളാണ്. പാലക്കാട് 92ഉം തൃശൂരിൽ 60ഉം കണ്ണൂരിൽ 55 കുട്ടികളും പഠനത്തോട് വിടപറഞ്ഞു.
പ്രശ്‌നബാധിതമായ കുടുംബ പശ്ചാത്തലം കാരണം 174 കുട്ടികളും മതപഠനത്തിന് മുൻഗണന നൽകി 103 പേരും സ്‌കൂൾ വിട്ടു. സ്മാർട്ട് ഫോൺ ആസക്തി കാരണം 33 കുട്ടികളും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഏഴ് കുട്ടികളുമാണ് സ്‌കൂളുകളുടെ പടിയിറങ്ങിയത്. ഇതിന് പുറമേ സംസ്ഥാനത്ത് നിന്ന് മടങ്ങിപ്പോയ അതിഥിത്തൊഴിലാളികളുടെ മക്കളായ 1,070 കുട്ടികളുടെ പഠനവും മുടങ്ങി. ഇതിൽ ഭൂരിഭാഗവും എറണാകുളം ജില്ലയിലാണ്

0 Comments