റായ്പൂർ: ഇ20 പെട്രോള്‍ ഉപയോഗിച്ചതിന് വാഹനം കേടുവന്ന സംഭവത്തില്‍ കാർ നിർമാതാക്കളായ മാരുതി സുസുക്കിക്കും ഡീലർക്കും എതിരെ ഉപഭോക്തൃ കോടതിയുടെ നിർണായക വിധി. എഥനോൾ മിശ്രിത പെട്രോൾ(ഇ20) ഉപയോഗിച്ചതിനെ തുടർന്ന് എഞ്ചിൻ തകരാറിലായ കാറിന് പകരം, ഇ20 പെട്രോൾ ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ വാഹനം ഉപഭോക്താവിന് നൽകാൻ ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. ഇ20 പെട്രോളുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യ വിധിയാണിത്.
45 ദിവസത്തിനകം പുതിയ വാഹനം നൽകണമെന്നാണ് ഉത്തരവ്. ഈ കാലാവധിക്കുള്ളിൽ വാഹനം മാറ്റി നൽകിയില്ലെങ്കിൽ, കാറിന്റെ മുഴുവൻ തുകയും ഉടമയ്ക്ക് നഷ്ടപരിഹാരമായി കമ്പനി നൽകേണ്ടിവരും. ഇതിനുപുറമേ, ഉപഭോക്താവിന് നേരിടേണ്ടി വന്ന മാനസിക വിഷമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമായി 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി വിധിച്ചു.
ഛത്തീസ്ഗഢ് സ്വദേശിയായ കാറുടമയാണ് മാരുതി സുസുക്കിക്കെതിരെ പരാതി നൽകിയത്. 2023 മോഡലായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സ്ട്രോങ്ങ് ഹൈബ്രിഡ് സെറ്റ പ്ലസാണ് വാങ്ങിയത്.
രാജ്യം എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാം നടപ്പിലാക്കിയ ശേഷമാണ് താൻ വാഹനം വാങ്ങിയതെന്നും എന്നാൽ ഇ20 പെട്രോൾ അടിച്ചതോടെ കാറിന്റെ എഞ്ചിന് തുടർച്ചയായി തകരാറുകൾ സംഭവിക്കുകയാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ പെർഫോമൻസ് കുറയുക, എഞ്ചിൻ മിസ്ഫയറിങ്, മൈലേജ് താഴേക്ക് പോവുക തുടങ്ങിയ പ്രശ്നങ്ങളാണ് വാഹനം നേരിട്ടത്. പലതവണ അംഗീകൃത സർവീസ് സെന്ററുകളിൽ എത്തിച്ച് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.
എന്നാല്‍ വാഹനം ഇ20 പെട്രോളിന് അനുയോജ്യമായതാണെന്നും, കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതോ അല്ലെങ്കിൽ സാധാരണ ഉണ്ടാകുന്ന തേയ്മാനങ്ങളോ ആകാം തകരാറിന് കാരണമെന്നുമായിരുന്നു നിർമാതാക്കളുടെയും ഡീലറുടെയും വാദം. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളി. അംഗീകൃത വർക്ക്‌ഷോപ്പുകളിൽ തുടർച്ചയായി എത്തിച്ചിട്ടും വാഹനത്തിന്റെ തകരാർ പരിഹരിക്കാൻ സാധിക്കാത്തത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. രാജ്യം എഥനോൾ മിശ്രിത പെട്രോൾ പദ്ധതിയിലേക്ക് മാറിയ ശേഷമാണ് വാഹനം വിറ്റഴിച്ചതെങ്കിലും, ഈ ഇന്ധനം ഉപയോഗിക്കാൻ പാകത്തിലുള്ള എഞ്ചിൻ സാങ്കേതികവിദ്യ വാഹനത്തിന് ഇല്ലായിരുന്നുവെന്ന ഉപഭോക്താവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നിലവിൽ വിപണിയിൽ ഇ20 പെട്രോൾ സാർവത്രികമായി ലഭ്യമായ ഒന്നാണെന്നും, ഉപഭോക്താക്കൾക്ക് മറ്റ് ഇന്ധനങ്ങൾ തെരഞ്ഞെടുക്കാനുള്ള പ്രായോഗിക അവസരങ്ങൾ കുറവാണെന്നും കോടതി ഓർമ്മിപ്പിച്ചു. വിപണിയിൽ എഥനോൾ ചേർത്ത പെട്രോൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, വാഹന നിർമാതാക്കളുടെ ഉത്തരവാദിത്തം വ്യക്തമാക്കുന്നതാണ് ഈ വിധി.
%20(1).jpg)
0 Comments