പശ്ചിമ ബംഗാളില്‍ മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സൗത്ത് 24 പര്‍ഗാന സന്ദര്‍ശനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ നാടകം ചൂട് പിടിക്കുന്നു




പശ്ചിമ ബംഗാളില്‍ മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സൗത്ത് 24 പര്‍ഗാന സന്ദര്‍ശനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ നാടകം ചൂട് പിടിക്കുന്നു. മമതയെ പതിനാറ് മണിക്കൂറായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല എന്ന് ബിജെപിക്കെതിരെ ആരോപണം കടുപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. സൗത്ത് 24 പര്‍ഗാന ജില്ലയിലെ ബാറൂയിപൂരില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പന്ത്രണ്ടുകാരിയുടെ കുടുംബത്തെ മമത സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. സേനാ വിന്യാസം മമതയുടെ സുരക്ഷയ്‌ക്കെന്നാണ് ബിജെപി വാദം.

സൗത്ത് 24 പര്‍ഗാന ജില്ലയിലെ ബാറൂയിപൂരില്‍ 12 കാരിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉടലെടുത്തത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് ഒരു 26കാരനെ നാട്ടുകാര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം തല്ലി കൊന്നിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് മമതാ ബാനര്‍ജി പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനിരുന്നത്. പിന്നാലെ മമതയുടെ കൊല്‍ക്കത്തയിലെ കാളിഗഞ്ചിലുള്ള വസതിയ്ക്ക് മുന്നില്‍ വന്‍സുരക്ഷാ സന്നാഹം പ്രത്യക്ഷപ്പെട്ടു. പൊലീസും കേന്ദ്രസേനയും അടങ്ങുന്നതായിരുന്നു സുരക്ഷ വിന്യാസം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ വസതിക്ക് മുന്നിലും കേന്ദ്രസേനയെത്തി.

ഇതോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കി എന്ന ആരോപണം ടിഎംസി ഉന്നയിച്ചത്. ഇന്നലെ രാത്രി മമതയുടെ വീട്ടിനുമുന്നില്‍ നിലയുറപ്പിച്ച സേന ഇപ്പോഴും അവിടെ തുടരുകയാണ്. മമതയ്ക്ക് മുട്ടയേറ് ഭയന്ന് സുരക്ഷ ഏര്‍പ്പെടുത്തിയതാണ് എന്നും ബിജെപി പരിഹസിക്കുന്നുണ്ട്.

അതേസമയം, 12കാരിയുടെ ബലാത്സംഗ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണത്തിനായി മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കേസിലെ ഇതുവരെ നാലുപേര്‍ അറസ്റ്റിലായി എന്നും സര്‍ക്കാര്‍ അറിയിച്ചു.

Post a Comment

0 Comments