'288 കിലോമീറ്റര്‍ ദൂരെ സത്യപ്രതിജ്ഞ നടക്കട്ടെ, നഗരസഭാംഗത്തിന് നാട്ടില്‍ കാലുകുത്താന്‍ കഴിയാത്തത് തിരുവനന്തപുരത്തിന് നാണക്കേട്': കെ.എസ് ശബരീനാഥന്‍

 



തിരുവനന്തപുരം: കാപ്പ ചുമത്തി ജയിലിലടച്ച തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ച കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ കെ.എസ് ശബരീനാഥന്‍. സത്യപ്രതിജ്ഞ ചടങ്ങ് വിയ്യൂര്‍ ജയിലില്‍ നടത്തണം എന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നഗരസഭയിലോ സ്വന്തം നാട്ടിലോ 'കാലുകുത്താന്‍' കഴിയാതെ 288 കിലോമീറ്റര്‍ ദൂരെ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് തിരുവനന്തപുരത്തിന് നാണക്കേടാണ്, ഭരണസമിതിക്ക് അപമാനമാണ് -ശബരീനാഥന്‍ പറഞ്ഞു.

സുഗതനെതിരെയുള്ള 'കാപ്പാ' കേസ് കോടതി വളരെ പ്രാധാന്യത്തോടെ കാണുന്നു എന്നതാണ് ഈ ഉത്തരവിന്റെ പൊരുളെന്ന് ശബരീനാഥന്‍ ചൂണ്ടിക്കാട്ടി. ഒരു ജനപ്രതിനിധി, അതാരായാലും ഏത് സാഹചര്യമായാലും സത്യപ്രതിജ്ഞ ചെയ്യണം എന്നുള്ളത് ജനങ്ങളുടെ അവകാശമായത് കൊണ്ട് മാത്രമാണ് കോടതി സുഗതന് ഇന്ന് അനുമതി നല്‍കിയത്. ഇല്ലെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു എന്നാണ് എന്റെ വിശ്വാസം. സുഗതന്റെ അയോഗ്യതയുമായി ഈ കേസിന് ബന്ധമില്ല. അത് വരും ദിവസങ്ങളില്‍ കൗണ്‍സില്‍ കൂടുമ്പോള്‍ നിയമപരമായി തന്നെ ചര്‍ച്ചചെയ്യും -ശബരീനാഥന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

നാളെ രാവിലെ 11 മണിക്കാണ് വിയ്യൂര്‍ ജയിലില്‍ സുഗതന്റെ സത്യപ്രതിജ്ഞ നടക്കുക. ജയിലില്‍ സത്യപ്രതിജ്ഞ നടത്തുന്നതില്‍ വിയോജിപ്പില്ലെന്ന സര്‍ക്കാര്‍ വാദം കോടതി ശരിവെക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്‍പത് മുതല്‍ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് സുഗതന്‍. ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെയും മറ്റും പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു. ഇവരില്‍ ഒരാളാണ് സുഗതന്‍. മറ്റ് അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സുഗതന്‍ ജയിലിലായതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

വട്ടിയൂര്‍ക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ആര്‍. സുഗതന്‍. കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, വീട്ടില്‍ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകര്‍ത്ത കേസ്, ഭര്‍ത്താവിന് എതിരെയുള്ള പകതീര്‍ക്കാന്‍ ഭാര്യയെ വീട്ടില്‍ കയറി ആക്രമിച്ച കേസ്, ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്

Post a Comment

0 Comments