തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപം നടത്തുമെന്ന വിഷയത്തിൽ ടാറ്റ ഗ്രൂപ്പിന്റെ വാദങ്ങൾ തെറ്റാണെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിൽ 300 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ടാറ്റ നേരത്തെ അറിയിച്ചിരുന്നതാണെന്നും, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റയുടെ നിക്ഷേപത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന കമ്പനിയുടെ പ്രതികരണത്തിന് മറുപടിയായാണ് മന്ത്രി ഈ വെളിപ്പെടുത്തൽ നടത്തിയത്.
കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ടാറ്റയുടെ പ്രതിനിധികൾ തന്നെയും മുഖ്യമന്ത്രിയെയും നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊച്ചി കണ്ടെയ്നർ ടെർമിനലിന് സമീപമുള്ള മലബാർ സിമന്റ്സിന്റെ ഭൂമിയിൽ ടാറ്റയുടെ പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ നടന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ധാരണാപത്രം (MoU) മുന്നോട്ട് കൊണ്ടുപോകാൻ താൽപ്പര്യമുണ്ടെന്ന് ടാറ്റ പ്രതിനിധികൾ അറിയിച്ചിരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. 300 കോടിയുടെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അവർ ഉറപ്പുനൽകിയിരുന്നു.
ടാറ്റയുടെ പ്രതിനിധികളുമായി മുഖ്യമന്ത്രിയും താനും ചേർന്ന് നടത്തിയ ചർച്ചയുടെ ഫോട്ടോകൾ പുറത്തുവിട്ടാണ് മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. ടാറ്റയുടെ എൻറർപ്രൈസസ് സിഇഒ ശശാങ്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ടാറ്റ ഗ്രൂപ്പ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന വാദം തെറ്റാണെന്നും, വ്യക്തമായ അപ്പോയിന്റ്മെന്റ് വാങ്ങി നിയമസഭയിൽ വെച്ചാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും മന്ത്രി ആവർത്തിച്ചു.
സംസ്ഥാനത്തെ ഷിപ്പിങ് മേഖലയിൽ ടാറ്റ ഗ്രൂപ്പ് പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താൻ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞ ദിവസം ഒരു വിദേശ മാധ്യമത്തിൽ അവകാശപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ, തങ്ങൾക്ക് കേരളത്തിൽ അത്തരത്തിലൊരു പദ്ധതിയില്ലെന്നും നിക്ഷേപത്തെക്കുറിച്ച് അറിയില്ലെന്നും ടാറ്റ ഔദ്യോഗികമായി വിശദീകരിച്ചത് സർക്കാരിനെ പ്രതിരോധത്തിലാക്കി.
ടാറ്റയുടെ നിഷേധക്കുറിപ്പ് വന്നതോടെ സർക്കാരിന്റെ അവകാശവാദങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. ഇതിനു പിന്നാലെയാണ്, കൊച്ചിയിലെ പദ്ധതിക്കായി ടാറ്റയുടെ പ്രതിനിധികൾ 300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി വന്നിരുന്നെന്നും, മുഖ്യമന്ത്രി സൂചിപ്പിച്ചത് ടാറ്റയുടെ മൊത്തം നിക്ഷേപത്തെക്കുറിച്ചായിരിക്കാമെന്നും വിശദീകരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി ചർച്ചയുടെ ഫോട്ടോ തെളിവുകളുമായി രംഗത്തെത്തിയത്.
വിദ്യാഭ്യാസ മേഖലയിൽ പിഎം പദ്ധതി നടപ്പാക്കുന്ന കാര്യത്തിലും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ ഇതുവരെ ഒരു അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാർ സംസ്ഥാനത്തിന് വേണ്ടി ഒരുക്കിവെച്ച കെണിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ നിന്ന് ജനറൽ ഫണ്ട് ലഭിക്കാതായപ്പോൾ ഒപ്പിടേണ്ടി വന്നു എന്നാണ് അന്നത്തെ ഭരണപക്ഷം പറഞ്ഞിരുന്നത്. എന്നാൽ ഏകപക്ഷീയമായി പിന്മാറാൻ സാധിക്കാത്ത കരാറാണിതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

0 Comments