ടാൽറോപ്പ് കൂട്ടപ്പിരിച്ചുവിടൽ; തൊഴിൽവകുപ്പ് വിളിച്ച ചർച്ചയിൽ തീരുമാനമായില്ല




കൊച്ചി: പ്രമുഖ ടെക്-ഇക്കോസിസ്റ്റം കമ്പനിയായ ടാൽറോപ്പിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ വകുപ്പ് വിളിച്ച ചർച്ചയിൽ അന്തിമ തീരുമാനമായില്ല. കുടിശ്ശിക തീർക്കാൻ മാനേജ്മെന്‍റ് കൂടുതൽ സമയം ആവശ്യപ്പെട്ടു. ഒക്ടോബർ വരെ സമയം നീട്ടിനൽകണമെന്നാണ് ആവശ്യം. കമ്പനി പ്രവർത്തിച്ചത് നിയമവിരുദ്ധമായെന്ന് അഡീഷണൽ ലേബർ കമ്മീഷണർ സതീഷ് കുമാർ കെ.എൽ പറഞ്ഞു. ചർച്ച തൃപ്തികരമല്ലെന്നും ചെയർമാൻ നേരിട്ട് പങ്കെടുക്കണമെന്നും ജീവനക്കാർ പറഞ്ഞു.

'തൊഴിലാളികൾക്ക് 11 മാസത്തിലധികം ശമ്പളം കുടിശ്ശികയുണ്ട്. വലിയ നഷ്ടത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. കുടിശ്ശിക തീർക്കാൻ ഉടൻ സാധിച്ചേക്കില്ല. സ്ഥാപനത്തിൽ നിലവിൽ ട്രേഡ് യൂണിയൻ പ്രവർത്തിക്കുന്നില്ല. പ്രശ്നപരിഹാരത്തിനായി ഒക്ടോബർ വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിൽ വകുപ്പ് ജീവനക്കാരുടെ വിവരങ്ങൾ ഉടൻ ശേഖരിക്കും. കുടിശ്ശിക എത്രയുണ്ടെന്ന് കണക്കാക്കും. ഈ മാസം 25ന് വീണ്ടും യോഗം ചേരും. ഈ യോഗത്തിൽ ചെയർമാൻ തന്നെ പങ്കെടുക്കണമെന്ന് കർശനം നിർദേശം നൽകിയിട്ടുണ്ട്.' അഡീഷണൽ ലേബർ കമ്മീഷണർ പറഞ്ഞു.

'ജോലി തിരികെ ലഭിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിട്ടില്ല. ശമ്പളം കുടിശ്ശിക എത്രയും വേഗം തീർക്കണമെന്നാണ് അവരുടെ ആവശ്യം. 21 സ്റ്റാർട്ടപ്പുകളായാണ് നിലവിൽ കമ്പനിയുടെ പ്രവർത്തനം. നിയമവിരുദ്ധമായി പ്രവർത്തിച്ച കമ്പനിക്കെതിരെ നടപടിയുണ്ടാകും'. അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത യോഗത്തിൽ ചെയർമാൻ പങ്കെടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ചർച്ച തൃപ്തികരമല്ലെന്നും ജീവനക്കാരും മാധ്യമങ്ങളോട് പ്രതികരിച്ചു.

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട ടാൽറോപ്പിനെതിരെ ഗുരുതരമായ തട്ടിപ്പ് ആരോപണങ്ങളുമായി ജീവനക്കാരും നിക്ഷേപകരും കഴിഞ്ഞ ദിവസമാണ് പരസ്യമായി രംഗത്തെത്തിയത്. വെറും 10 ലക്ഷം രൂപ മാത്രം മൂലധനമായി കാണിച്ച് രജിസ്റ്റർ ചെയ്ത കമ്പനി, പൊതുജനങ്ങളിൽ നിന്നും നിക്ഷേപകരിൽ നിന്നുമായി 500 കോടിയിലധികം രൂപ നിയമവിരുദ്ധമായി സമാഹരിച്ചെന്നാണ് പ്രധാന ആരോപണം.

കമ്പനിയിൽ ജോലി ചെയ്തിരുന്ന മുന്നൂറോളം ജീവനക്കാരെയാണ് ഒറ്റയടിക്ക് ടാൽറോപ്പ് പിരിച്ചുവിട്ടത്. കഴിഞ്ഞ 6 മാസം മുതൽ 11 മാസം വരെയുള്ള ശമ്പളം തങ്ങൾക്ക് കുടിശ്ശികയാണെന്ന് ജീവനക്കാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ നിക്ഷേപകരെ കമ്പനിയിലേക്ക് എത്തിച്ചാൽ മാത്രമേ കുടിശ്ശികയുള്ള ശമ്പളം നൽകാൻ സാധിക്കൂ എന്ന് കമ്പനി അധികൃതർ ആവശ്യപ്പെട്ടതായി ജീവനക്കാർ വെളിപ്പെടുത്തി. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ജീവനക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ശമ്പളം നൽകാതിരുന്നപ്പോഴും കമ്പനിയുടെ പ്രൊമോഷനായി സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കാൻ ജീവനക്കാരെ നിർബന്ധിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വരവോടെ കമ്പനിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും, എഐയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ എന്നുമാണ് കമ്പനി ജീവനക്കാർക്ക് നൽകിയ ഔദ്യോഗിക വിശദീകരണം.

Post a Comment

0 Comments