കുവൈത്തിനും ബഹ്​റൈനിനും നേരെ ആക്രമണം തുടർന്ന്​ ഇറാൻ; പ്രതി​രോധിച്ച്​ സേനകൾ

 



മനാമ/കു​വൈത്ത്​ സിറ്റി: കുവൈത്തിനും ബഹ്​റൈനിനും നേരെ ആക്രമണം തുടർന്ന്​ ഇറാൻ. കുവൈത്തിന്​ നേരെ തുടർച്ചയായി ഏഴാം ദിവസമാണ്​ ഇറാൻ ആക്രമണം നടത്തുന്നത്​. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ചെറുക്കുകയാണെന്ന് കുവൈത്ത്​ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്ന് പുലർച്ചെയും രാവിലെയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം തവണ അപകട മുന്നറിയിപ്പ് സൈറൺ മുഴങ്ങി. എല്ലാ പൗരന്മാരും പ്രവാസികളും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സാഹചര്യം സുരക്ഷാ സേനയുടെ പൂർണ നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ബഹ്​റൈനിലേക്ക്​ ഇറാൻ നടത്തിയ ആക്രമണ ശ്രമം പ്രതിരോധിക്കുന്നതായി വ്യോമ പ്രതിരോധ സേന അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്​ഫോടക ശബ്​ദങ്ങളുണ്ടായി. മിസൈലുകളും ഡ്രോണുകളും വിജയകരമായി പ്രതിരോധിക്കുന്നുണ്ട്​. കഴിഞ്ഞ ദിവസം കുവൈത്തിൽ ഇറാൻ നടത്തിയ ആ​ക്രമണത്തിൽ ജല ശുദ്ധീകരണ- ​വൈദ്യുതി പ്ലാന്‍റിന്​ തകരാർ സംഭവിച്ചിരുന്നു. ഖത്തറിലേക്ക്​ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം പ്രതിരോധിച്ചതിന്‍റെ അവശിഷ്ടങ്ങൾ വീണ്​ കുട്ടിക്ക്​ പരിക്കേൽക്കുകയും ചെയ്തിരുന്നു. അറബ്​ രാജ്യങ്ങൾക്കെതിരെ ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ അറബ്​ ലീഗ്​ അടക്കം സംഘടനകൾ അപലപിച്ചിരുന്നു. വിവിധ ജിസിസി രാജ്യങ്ങളും ഇറാൻ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്​.

Post a Comment

0 Comments