കെഎസ്‌യു വിവാദം മുഖ്യമന്ത്രിക്കെതിരായ ആസൂത്രിത നീക്കമെന്ന് വി.ഡി സതീശന്‍ ക്യാമ്പ്

 



തിരുവനന്തപുരം: കെഎസ്‌യുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മുഖ്യമന്ത്രിക്കെതിരായ ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് വി.ഡി സതീശന്‍ ക്യാമ്പ്. മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ചോദിക്കും മുന്‍പ് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പോസ്റ്റിട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയെ കാണാന്‍ വ്യാഴാഴ്ചയാണ് അലോഷ്യസ് അനുമതി തേടിയതെന്നും അന്ന് മുഖ്യമന്ത്രി സ്ഥലത്തില്ലെന്ന് മറുപടി നല്‍കിയതാണെന്നുമാണ് വിശദീകരണം. വിഷയത്തില്‍ കെപിസിസി നേതൃത്വം ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

കെഎസ്‌യുവിന് മുന്നറിയിപ്പുമായി മന്ത്രി എ.പി അനില്‍കുമാര്‍ രംഗത്തെത്തി. കെഎസ്‌യു പരിധിവിട്ട് പോകരുത്. അഭിപ്രായങ്ങള്‍ പറയുന്നതിന് പരിധിവെക്കാന്‍ നേതാക്കള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദത്തില്‍ കെഎസ്‌യുവിലും ഗ്രൂപ്പ് പോര് കനക്കുകയാണ്. അലോഷ്യസ് സേവ്യറിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ലെന്ന് അഭിപ്രായപ്പെട്ട് എറണാകുളം ജില്ലാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും രംഗത്തെത്തി. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാല്‍ പ്രതികരിച്ചു.

ഇന്നലെ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചിലര്‍ പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നായിരുന്നു വിമര്‍ശനം. അതേസമയം, അലോഷ്യസിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടു. കെഎസ്യുക്കാരെ തല്ലിച്ചതച്ചവരുടെ നിയമനത്തില്‍ കെഎസ്‌യുവിന് കാര്യമുണ്ടെന്നാണ് ബാനറില്‍ പറയുന്നത്. ചരിത്രം മറക്കാന്‍ തയാറല്ലെന്നുംബാനറിലുണ്ട്. അതേസമയം, രാത്രി സ്ഥാപിച്ച ബാനര്‍ രാവിലെ അപ്രത്യക്ഷമായി.

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളാണ് കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. പ്ലീഡര്‍ നിയമനത്തില്‍ എബിവിപി നേതാവായിരുന്ന ശരത്ത് ടി.എസ്, എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്ന ജയോണ ജെയിംസ് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനെതിരെ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു. എന്നാല്‍, കെഎസ്‌യുവിനെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്. ഇതോടെയാണ് വിവാദം കടുത്തത്.

ഇന്നലെ തേവര എസ്എന്‍ കോളജില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി സതീശനും അലോഷ്യസ് സേവ്യറും ഒരേസമയം പങ്കെടുത്തിരുന്നു. ഇരുവരും തേവര കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്. എന്നാല്‍, മുഖ്യമന്ത്രി അലോഷ്യസിന് മുഖംകൊടുത്തതേയില്ല. പിന്നാലെ അലോഷ്യസ് പരസ്യപ്രതികരണം നടത്തുകയായിരുന്നു. കെഎസ്യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് ആവര്‍ത്തിക്കുമെന്നും അലോഷ്യസ് പറഞ്ഞിരുന്നു.


Post a Comment

0 Comments