ന്യൂഡല്‍ഹി: അയോധ്യ ഭണ്ഡാരക്കൊള്ളയില്‍ വിഎച്ച്പി നേതാവ് ചമ്പത് റായിയുടെ രാജി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സ്വീകരിച്ചു. ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായ് ഭണ്ഡാരക്കൊള്ള പുറത്തുവന്നതിന് പിന്നാലെ രാജിപ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേര്‍ന്ന ട്രസ്റ്റ് യോഗമാണ് രാജി സ്വീകരിച്ചത്.
ഭണ്ഡാരക്കൊള്ളയില്‍ ട്രസ്റ്റ് അംഗങ്ങള്‍ കടുത്ത നിരാശ രേഖപ്പെടുത്തി. പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്നും ട്രസ്റ്റ് അംഗങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ചെയര്‍മാന്‍ മഹന്ദ് നൃത്യാ ഗോപാല്‍ ദാസ് നിര്‍ദശം നല്‍കി. നീതിയുക്തമായ അന്വേഷണം വേണമെന്ന് ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്‍ പറഞ്ഞു.
ട്രസ്റ്റ് യോഗത്തില്‍ ഒമ്പത് പേര്‍ മാത്രമാണ് പങ്കെടുത്തത്. ചമ്പത് റായി, അനില്‍ മിശ്ര എന്നിവര്‍ക്ക് പുറമേയുള്ള മൂന്ന് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ആകെ 14 അംഗങ്ങളാണ് ട്രസ്റ്റിലുള്ളത്. ആരോപണ വിധേയരെ തുടരാന്‍ അനുവദിക്കരുതെന്നാണ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. ഭക്തരുടെ വിശ്വാസം സംരക്ഷിക്കണമെന്നും ചെറിയ കാര്യങ്ങളിലും ശ്രദ്ധ വേണമെന്നും ഭണ്ഡാരക്കൊള്ളയില്‍ അതീവ ജാഗ്രത വേണമെന്നും ട്രസ്റ്റ് അംഗം സ്വാമി പരമാനന്ദ് ഗിരി പറഞ്ഞു.
രാമക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നുള്ള വരുമാനവും ഭക്തര്‍ നല്‍കിയ ഉപഹാരങ്ങളും വന്‍തോതില്‍ കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ ചമ്പത് റായിക്ക് കുരുക്ക് മുറുകുന്നതിനിടെയാണ് രാജി ട്രസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. കേസില്‍ ചമ്പത് റായിയെ പ്രതി ചേര്‍ക്കുമെന്നാണ് വിവരം. രാജിവെച്ച ട്രസ്റ്റി അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരെയും പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് ചമ്പത് റായിക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറയുന്നു.

0 Comments