കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിചേർത്ത ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് അന്വേഷണ സംഘം ഉടൻ നോട്ടീസ് നൽകും. കേസിൽ റിബേഷിനെക്കൂടി പ്രതിചേർത്തുകൊണ്ടുള്ള റിപ്പോർട്ട് അന്വേഷണ സംഘം വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
റിബേഷ് മുൻകൂർ ജാമ്യം നേടിയിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയക്കും. വിവാദ സ്‌ക്രീൻഷോട്ട് ആദ്യം വ്യാപകമായി ഷെയർ ചെയ്ത വ്യക്തികളിൽ ഒരാൾ റിബേഷ് രാമകൃഷ്ണനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റിബേഷ് ഇത് നിരവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തിട്ടുണ്ട്.
ജിതിൻ ഭാസ്‌കർ ആണ് ഈ കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചതെന്നും ആദ്യം പ്രചരിപ്പിച്ചതെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സ്‌ക്രീൻഷോട്ട് നിർമിച്ചതിന് ശേഷം ജിതിൻ ഭാസ്‌കർ തന്റെ ഫോൺ പൂർണമായും ഫോർമാറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനായി ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ പേർ പ്രതി ചേർക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
0 Comments