തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ അധിക സമയം വേണമെന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവി തള്ളി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡിജിപി ഇന്ന് തന്നെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയേക്കും.
തനിക്ക് കൂടുതൽ വിവരങ്ങൾ വിശദമായി നൽകാനുണ്ടെന്ന് കാണിച്ച് എം.ആർ അജിത്കുമാർ സമയം നീട്ടി ചോദിച്ചെങ്കിലും ഡിജിപി ഇത് നിരസിക്കുകയായിരുന്നു. നടപടികൾ വൈകിപ്പിക്കാനാണ് എഡിജിപിയുടെ നീക്കമെന്നാണ് വിലയിരുത്തൽ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരിക്കെ സംഭവം അന്വേഷിക്കുമ്പോൾ താൻ വയനാട്ടിലായിരുന്നു എന്നാണ് എം.ആർ അജിത് കുമാർ നേരത്തെ നൽകിയ വിശദീകരണം. റിപ്പോർട്ട് ലഭിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഡിജിപി വിശദീകരണം തേടിയത്. ഇതിൽ ആറാം ദിവസമാണ് എഡിജിപി ആദ്യ വിശദീകരണം നൽകിയത്.
ഈ മാസം 31-ന് നിലവിലെ ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ വിരമിക്കുമ്പോൾ സീനിയോറിറ്റി അനുസരിച്ച് എം.ആർ. അജിത് കുമാറിന് ഡിജിപി റാങ്ക് ലഭിക്കും. നടപടിയുണ്ടായാൽ മാത്രമേ ഡിജിപി സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റം തടയാനാകൂ എന്നതിനാൽ വേഗത്തിലുള്ള നീക്കത്തിനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത്. അജിത് കുമാർ നൽകിയ മറുപടി പരിശോധിച്ച ശേഷം ഡിജിപി ഇന്ന് തന്നെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. തുടർന്ന് ആഭ്യന്തര വകുപ്പായിരിക്കും അന്തിമ തീരുമാനമെടുക്കുക.
0 Comments