ക്രഷറുകൾക്ക് അനുമതി; കണിച്ചാർ പഞ്ചായത്ത് ഭരണസമിതി തീരുമാനം റദ്ദാക്കാൻ വാർഡ് മെമ്പർ പരാതി നല്കി





കണിച്ചാർ: പഞ്ചായത്ത് ഭരണസമിതി പൂളക്കുറ്റി മേഖലയിലെ ക്രഷറുകൾക്ക് പ്രവർത്തനാനുമതി നല്കിയതിനെതിരെ എൽ.ഡി.എഫ് പഞ്ചായത്തംഗം വി.സി.രതീഷ് രംഗത്ത്. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യ പോൾ പഞ്ചായത്ത് സെക്രട്ടറിയുമായി ആലോച്ചിച്ച് നിയമപ്രകാരം തയ്യാറാക്കിയ ഭരണസമിതി അജണ്ടക്കെതിരെ പ്രസിഡന്റ് തന്നെ രേഖാമൂലം വിയോജിപ്പ് നല്കിയ തീരുമാനം പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിലനില്ക്കില്ലെന്നും തീരുമാനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് പഞ്ചായത്ത് സെക്രട്ടറിക്ക് എൽ.ഡി.എഫ് അംഗം രതീഷ് പരാതി നല്കിയത്.

കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി മെയ് 22ന് ചേർന്ന യോഗത്തിലാണ് ക്രഷറുകൾക്ക് പ്രവർത്തനാനുമതി നല്കിയത്. യോഗത്തിൽ പ്രസിഡന്റ് ത്രേസ്യ പോൾ, കോൺഗ്രസ് അംഗങ്ങളായ സിവി തോമസ്, മിനി സെബാസ്റ്റ്യൻ, എൽ.ഡി.എഫ് അംഗങ്ങളായ ഷാന്റി തോമ്മസ്, വി.സി.രതീഷ് എന്നിവർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.

ക്രഷറുകൾക്ക് പ്രവർത്തനാനുമതി നല്കിയ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം പൂളക്കുറ്റിയിൽ പ്രത്യേക ഗ്രാമസഭ ചേരുകയും അനുമതി റദ്ദാക്കാൻ ഐക്യകണ്‌ഠേന പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അനുമതി നല്കാൻ കോൺഗ്രസ് ഭരണസമിതി വൻതുക ക്രഷർ ഉടമയിൽ നിന്ന് കൈപ്പറ്റിയെന്ന ആരോപണം നിലനില്ക്കുന്നുണ്ട്. ഇതിനിടയിലാണ് ഇതേ ക്രഷർ ഉടമയിൽ നിന്ന് സി.പി.എം പേരാവൂർ ഏരിയാക്കമ്മിറ്റിയംഗം ഫണ്ട് വാങ്ങിയെന്ന ആരോപണവും ഉയർന്നത്. ക്രഷർ വിഷയത്തിൽ ഇരു മുന്നണികളും പ്രതിരോധത്തിലായതോടെ എൻ.ഡി.എ സമരരംഗത്ത് ഇറങ്ങുമെന്ന സൂചനയുണ്ട്.

Post a Comment

0 Comments