വൻ നഷ്ടം, ഡീസൽ പൈസ പോലും കിട്ടുന്നില്ല! സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്

 

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് സംസ്ഥാനത്ത് മറ്റന്നാൾ (ബുധനാഴ്ച) സ്വകാര്യ ബസ് ഉടമകൾ പണിമുടക്കുന്നു. പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാവുകയും വരുമാനം സാരമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ബസ് ഉടമകളുടെ സംയുക്ത സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്.

വരുമാനമില്ലാത്തതിനാൽ പ്രതിദിന ഇന്ധനച്ചെലവ് പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ബസ് ഉടമകൾ പരാതിപ്പെടുന്നു. ഇന്ന് കാസർകോട് ജില്ലയിൽ സ്വകാര്യ ബസ് ഉടമകൾ നടത്തിയ സൂചനാ പണിമുടക്ക് പൂർണ്ണമായിരുന്നു. ജില്ലയിലെ നാനൂറ്റമ്പതിലധികം സ്വകാര്യ ബസുകളാണ് സർവീസ് പൂർണ്ണമായി നിർത്തിവെച്ച് പണിമുടക്കിൽ പങ്കാളികളായത്. കെഎസ്ആർടിസി സർവീസുകൾ കുറവുള്ള ഉൾപ്രദേശങ്ങളിലെ റൂട്ടുകളിൽ യാത്രക്കാർ മണിക്കൂറുകളോളം ബസ് കാത്തുനിന്ന് കടുത്ത ദുരിതത്തിലായി. പണിമുടക്കിനോടനുബന്ധിച്ച് വിവിധ മോട്ടോർ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അണങ്കൂരിൽ നിന്ന് കാസർകോട് കളക്ടറേറ്റിലേക്ക് ഒഴിഞ്ഞ ബസുകളുമായി വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് ആവശ്യം.


Post a Comment

0 Comments