കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിച്ച ആഡംബര വാഹനങ്ങളുമായി ബന്ധപ്പെട്ട ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസത്തെ ദീർഘനേരം നീണ്ട ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളും പുതിയ തെളിവുകളും പരിശോധിച്ച ശേഷമാണ് കസ്റ്റംസ് തുടർനടപടികളിലേക്ക് നീങ്ങുന്നത്.
കഴിഞ്ഞ ദിവസം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിൽ ഹാജരായ ദുൽഖറിനെ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. വാഹനങ്ങളുടെ ഉടമസ്ഥാവകാശം, രജിസ്ട്രേഷൻ രേഖകൾ, പണമിടപാടുകൾ, ഇറക്കുമതി നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിനിടെ, വാഹനങ്ങൾ കള്ളക്കടത്ത് വഴിയാണ് ഇന്ത്യയിലെത്തിച്ചതെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നും, വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്നും, താൻ യാതൊരു നികുതിവെട്ടിപ്പും നടത്തിയിട്ടില്ലെന്നുമാണ് ദുൽഖർ മൊഴി നൽകിയതെന്നാണ് വിവരം.
അതേസമയം, ഈ വാഹനങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ശൃംഖലയെ കണ്ടെത്താനാണ് കസ്റ്റംസ് പ്രധാനമായും ശ്രമിക്കുന്നത്. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലേക്ക് ആഡംബര വാഹനങ്ങൾ എത്തിച്ചത് ആരൊക്കെയാണെന്നും, അതിന് പിന്നിലെ പ്രധാന കണ്ണികൾ ആരാണെന്നും കണ്ടെത്തുന്നതിനാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകദേശം 50 ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് കേരളത്തിലെത്തിച്ചതായാണ് കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരവധി സിനിമാ താരങ്ങളുടെയും പ്രമുഖരുടെയും കൈവശം ഇത്തരം വാഹനങ്ങൾ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയത്.

0 Comments