പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി സുധാകരന്റെയും സജിതയുടെയും മക്കള്‍. പ്രതി പുറത്തിറങ്ങിയാല്‍ തങ്ങളെ വധിക്കാനുള്ള സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് കോടതി വധശിക്ഷ വിധിച്ചതെന്നും അതില്‍ സന്തോഷമുണ്ടെന്നും മക്കള്‍ പറഞ്ഞു.
കോടതിയില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും മക്കള്‍ പ്രതികരിച്ചു. പഴയ ഓര്‍മകള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിപോകുന്നില്ലെന്നും അവർ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മക്കളുടെ പ്രതികരണം.
വിധി പ്രസ്താവിച്ച ജഡ്ജിക്കും പൊലീസിനും അഭിഭാഷകനും അവര്‍ നന്ദി അറിയിച്ചു. കോടതി വിധിച്ച നഷ്ടപരിഹാര തുകയായ 20 ലക്ഷം രൂപ തങ്ങള്‍ക്ക് വലിയ സഹായമാകും. കേസിന്റെ വിചാരണ വേളയിലും പ്രതി ചെന്താമരയ്ക്ക് യാതൊരുവിധ ഭയവും ഉണ്ടായിരുന്നില്ലെന്നും മക്കള്‍ ചൂണ്ടിക്കാട്ടി.
കോടതി വിധിക്കെതിരെ ചെന്താമര അപ്പീല്‍ നല്‍കുകയാണെങ്കില്‍ തങ്ങളും നിയമപോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ, സജിതയുടെ ബന്ധുക്കളും മക്കളും ചെന്താമരയെ വധശിക്ഷക്ക് വിധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

0 Comments