തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവ്. സാംസ്കാരിക വകുപ്പിൽ പുതുതായി രൂപീകരിച്ച എക്സ്-കേഡർ ഡയറക്ടർ തസ്തികയിലേക്ക് ഇൻബാശേഖർ കെ.യെ നിയമിച്ചു. സഹകരണ സംഘം രജിസ്ട്രാറുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. സുഫിയാൻ അഹമ്മദാണ് പുതിയ നഗരകാര്യ ഡയറക്ടർ. ഈ പദവിയിലുണ്ടായിരുന്ന സൂരജ് ഷാജിയെ നഗരകാര്യ ഡയറക്ടർ, റെസിലിയന്റ് കേരള മിഷൻ ഡയറക്ടർ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കി. ഡി. ധർമ്മലശ്രീയെ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും അലക്സ് വർഗീസിനെ റെസിലിയന്റ് കേരള അഡീഷണൽ ഫിനാൻഷ്യൽ പ്രോഗ്രാം മിഷൻ ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.
എൻ. പ്രശാന്തിന് കായികം-യുവജന കാര്യം, മൃഗശാലകൾ, മ്യൂസിയം, പുരാവസ്തു, ആർക്കൈവ്സ് വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയായി സ്വതന്ത്ര ചുമതല നൽകി. ഈ വകുപ്പുകളുടെ അധിക ചുമതലകളിൽ നിന്ന് മിൻഹാജ് ആലത്തെ നീക്കി. എന്നാൽ മിൻഹാജ് ആലത്തിന് വ്യവസായ (കയർ) വകുപ്പിന്റെ അധിക ചുമതല പുതുതായി നൽകിയിട്ടുണ്ട്. പുനീത് കുമാറിന് ജലവിഭവ വകുപ്പിലെ 'അന്തർ സംസ്ഥാന ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ' പൂർണ്ണ ചുമതലയും പ്രേം കൃഷ്ണൻ എസിനെ ജലവിഭവ വകുപ്പ് ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു.
സുഹാസ് എസ്. ഭവന നിർമ്മാണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. ഡോ. ഷർമിള മേരി ജോസഫിന് ആയുഷ് വകുപ്പിന്റെയും, ഹിമ കെ.ക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെയും, അപൂർവ ത്രിപാഠിക്ക് ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) പ്രോജക്റ്റ് ഡയറക്ടറുടെയും അധിക ചുമതലകൾ നൽകി ഉത്തരവിറക്കിയിട്ടുണ്ട്.

0 Comments