ഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി. അറസ്റ്റിലായ പ്രതികളുടെ കൂടുതൽ മൊഴി ഇന്ന് രേഖപ്പെടുത്തും. ട്രസ്റ്റിന്‍റെ അക്കൗണ്ട് വിവരങ്ങളും ഇന്ന് പരിശോധിക്കും. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ചമ്പത് റായി യുടെ വാദം. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തുകയാണ് അന്വേഷണസംഘം.
അവിനാശ് ശുക്ലയടക്കമുള്ളവർ ആഡംബര ജീവിതം നയിച്ചത് കണ്ടെത്തിയ എസ് ഐ ടി പ്രതികളുടെ സ്വത്ത് വിവരങ്ങൾ വീണ്ടും പരിശോധിക്കും. ടിന്നു യാദവ് കണക്കിൽ പെടാത്ത സ്വത്തുക്കൾ സമ്പാദിച്ചു എന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. ക്ഷേത്രത്തിൽനിന്ന് കൊള്ളയടിച്ച പണം ബിനാമികളുടെ പേരിലാണ് നിക്ഷേപിച്ചത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ട്രസ്റ്റ് കൈമാറിയ ഓഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പൊലീസ് ഒത്തു നോക്കും. വൗച്ചറുകൾ ബില്ലുകൾ എന്നിവ വിശദമായി പരിശോധിച്ചാണ് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തത വരുത്തുക. അതേസമയം മോഷണത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നതായി ചമ്പത് റായി ആരോപിച്ചു. പലരും തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചു. എസ്‌ഐടിയുടെ അന്തിമ റിപ്പോർട്ടിനുശേഷം വിശദമായി പ്രതികരിക്കുമെന്നും സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൽ ചമ്പത് റായി വിശദീകരിച്ചു. എന്നാൽ ചമ്പത് റായിയുടെ രാജി കൊണ്ട് മാത്രം കുറ്റക്കാരെ കണ്ടെത്താനാകില്ല എന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.
അതേസമയം ബദരീനാഥ് ക്ഷേത്രത്തിലെ കൊള്ളയിലും എസ്ഐ.ടി അന്വേഷണം നടത്തും. വഴിപാട് കൊള്ളയിൽ നാലംഗം സംഘത്തെ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ക്രമക്കേടിൽ ചെയർമാന്‍റെ ഓഫീസിലെ പേഴ്‌സണൽ അസിസ്റ്റന്‍റ് പ്രമോദ് നൗട്ടിയാലിനെ സസ്‌പെൻഡ് ചെയ്തു. ഇയാളിൽ നിന്ന് ക്ഷേത്ര ട്രസ്റ്റ് വിശദീകരണവും തേടി.

0 Comments