കണ്ണൂര്‍: കെ.കെ രാഗേഷിനെതിരായ വ്യാജപ്രചാരണം പുതിയതല്ലെന്നും ഗൂഢലക്ഷ്യം തിരിച്ചറിയണമെന്നും സിപിഎം.
സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ് അത്തരത്തിലുള്ള വാര്‍ത്തകള്‍. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് ശേഷമാണ് തുടര്‍ച്ചയായി ഇങ്ങനെയുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതിന് പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിയണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ വലിയ വിമർശനം എന്ന നിലയിൽ വാർത്തയുണ്ടായി. പോസ്റ്റിലെ കമന്റ് ഭാഗം പൂട്ടി എന്നുവരെ ചിലർ വാർത്ത നൽകി. പാർട്ടി പ്രവർത്തകർ എന്ന വ്യാജേന ഉണ്ടാക്കിയ പ്രൊഫൈലുകളിലൂടെയും അല്ലാതെയും പാർട്ടി ശത്രുക്കൾ നടത്തിയ സൈബർ ബുള്ളിയിങ്ങിനെയാണ് ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടി പ്രവർത്തകർ എന്ന നിലയിൽ അവതരിപ്പിച്ചത്'- പ്രസ്താവനയില്‍ പറയുന്നു.
ജില്ലാ സെക്രട്ടറിയെ നിയമിച്ചതിനെതിരെ ദേശീയ നേതൃത്വത്തിന് ജില്ലയിലെ ചില നേതാക്കള്‍ പരാതി നല്‍കി എന്നാണ് പുതിയ വാര്‍ത്ത. ആരാണ് പരാതി അയച്ചത്, ആര്‍ക്കാണയച്ചത് എന്നൊന്നും അതില്‍ വെളിപ്പെടുത്തിയിട്ടില്ല. ഏതോ കേന്ദ്രത്തില്‍ നിന്നും ബോധപൂര്‍വ്വം ഇത്തരം വാര്‍ത്തകള്‍ ഉല്‍പാദിപ്പിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

0 Comments